നൂറാങ്കരയുടെ ഉറക്കം കെടുത്തി കാട്ടാനകൾ
1484483
Thursday, December 5, 2024 3:58 AM IST
അടിമാലി: നൂറാങ്കര മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം. കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ കുടുംബങ്ങള്‍ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയിലാണ്. കൂട്ടമായി എത്തുന്ന കാട്ടാനകള്‍ കൃഷിനാശം വരുത്തുന്നുണ്ട്.
അടിമാലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡാണ് നൂറാങ്കര മേഖല. ഇവിടെ മുമ്പെങ്ങും ഇല്ലാത്തവിധം കാട്ടാന ശല്യം രൂക്ഷമാണ്. രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍ ഈ പ്രദേശത്തൊക്കെ സ്വൈരവിഹാരം നടത്തുകയാണ്. ഏലവും കുരുമുളകുമടക്കമുള്ള വിളകള്‍ കാട്ടാനകള്‍ നശിപ്പിച്ചു. വെള്ളം പമ്പു ചെയ്യാനുപയോഗിക്കുന്ന മോട്ടോറടക്കം വേറെയും നാശനഷ്ടങ്ങള്‍ കാട്ടാനകള്‍ വരുത്തിയതായി പ്രദേശവാസികള്‍ പറയുന്നു.
കൊടകല്ല് ഭാഗത്തുനിന്നടക്കം രണ്ടിടങ്ങളിലൂടെ കാട്ടാനകള്‍ നൂറാങ്കര ഭാഗത്തേക്കെത്തുന്നുവെന്നാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം. നൂറോളം കുടുംബങ്ങള്‍ ഈ മേഖലയില്‍ താമസിക്കുന്നുണ്ട്. കുരങ്ങാട്ടി - പീച്ചാട് റോഡ് കടന്നു പോകുന്നതും കാട്ടാനകള്‍ ഇറങ്ങുന്ന ഈ ഭാഗത്തുകൂടിയാണ്.