വിസ്മയക്കാഴ്ചയായി പഴയ കാമറകളുടെ ശേഖരം
1484481
Thursday, December 5, 2024 3:58 AM IST
കട്ടപ്പന: റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിലെ പഴയ കാമറകളുടെ സ്റ്റാൾ കാണികളെ ആകർഷിക്കുന്നു. എലിക്സിയർ സ്കൂൾ ഓഫ് ഫോട്ടോഗ്രഫി കോട്ടയം മേധാവി എം. മനുവിന്റെ ശേഖരത്തിലുള്ള കാമറകളുടെ നീണ്ട നിരയാണ് എക്സിബിഷനിൽ ഒരുക്കിയിരുന്നത്.
15 വർഷം കൊണ്ടാണ് 400 കാമറകൾ മനു കരസ്ഥമാക്കിയത്. ഇതിന് നീണ്ട യാത്രകൾ ആവശ്യമായി വന്നു. അഞ്ചു വർഷമായി വിവിധയിടങ്ങളിൽ മനു എക്സിബിഷനുകൾ നടത്തിവരുന്നു.
1800കളുടെ അവസാനം ഇറങ്ങിയ കാമറകൾ മുതൽ ഫിലിം കാമറകൾ നിർത്തലാക്കുന്ന 2005 വരെയുള്ള കാലഘട്ടത്തിലെ കാമറകൾ കളക്ഷനിൽ ഉണ്ട്. ഫോട്ടോഗ്രഫിയോടുള്ള കന്പമാണ് ശേഖരത്തിലേക്ക് എം. മനുവിനെ നയിച്ചത്.
ഇൻസ്റ്റന്റ് കാമറ, വീഡിയോ കാമറ, ടിഎൽആർ കാമറ, എസ്എൽആർ കാമറ തുടങ്ങി നിരവധി ഇനങ്ങൾ ഉണ്ട്. കാമറ കൂടാതെ പ്രൊജക്ടർ, വിവിധ തരം ഫിലിമുകൾ എല്ലാം പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.