രാജ്യാന്തര നേച്ചർ ഫിലിം ഫെസ്റ്റിവലിന് കട്ടപ്പനയിൽ തുടക്കം
1484480
Thursday, December 5, 2024 3:58 AM IST
കട്ടപ്പന: സിനിമാ ആസ്വാദകർക്ക് നവ്യാനുഭവം പകർന്ന് രാജ്യാന്തര നേച്ചർ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ആറാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന് വിളംബരറാലിയോടെയാണ് തുടക്കമായത്. തുടർന്ന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ എം ജി സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. ഡോ. അരവിന്ദകുമാർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും ബേർഡ്സ് ക്ലബ് ഇന്റർനാഷണലും മഹാത്മാഗാന്ധി സർവകലാശാലാ നാഷണൽ സർവീസ് സ്കീമും ചേർന്നാണ് ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. ഫെസ്റ്റിവൽ ഡയറക്ടർ സംവിധായകൻ ജയരാജ് ചലച്ചിത്രമേളയുടെ സന്ദേശം നൽകി. മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ഗോൾഡൻ എലിഫന്റ് അവാർഡ് കുമരകം രാജപ്പന് കൈമാറി. നടൻമാരായ ടിനി ടോം, കൈലാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
നഗരസഭാ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷത വഹിച്ചു. രാജ്യാന്തര മത്സരവിഭാഗത്തിൽ നിന്നുള്ള മൈറ്റി ആഫ്രിൻ ഇൻ ദി ടൈം ഓഫ് ഫ്ലെഡ്സ് എന്ന ഡോക്യുമെന്ററി ചിത്രം സന്തോഷ് തിയറ്ററിൽ പ്രദർശിപ്പിച്ച് ആറാമത് മേളയ്ക്ക് തുടക്കം കുറിച്ചു.
കൂടാതെ ചിത്ര പ്രദര്‍ശനം, ഫോട്ടോഗ്രഫി ഉപകരണങ്ങളുടെ പ്രദര്‍ശനം, സെമിനാറുകള്‍, ഗ്രാമീണ കലാ പ്രദര്‍ശനങ്ങള്‍ എന്നിവയും ഇതോടൊപ്പം നടന്നു. ഫീച്ചർ, ഡോക്യുമെന്ററി, ഷോർട്ട്ഫിലിം എന്നീ വിഭാഗങ്ങളിലായി 20 രാജ്യങ്ങളിൽനിന്നുള്ള 65 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
കട്ടപ്പന സന്തോഷ് തിയറ്റർ, ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ, കട്ടപ്പന നഗരസഭാ മിനി സ്റ്റേഡിയം എന്നീ മൂന്നു വേദികളിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.