സിപിഎം ബ്രാഞ്ച് സെക്രട്ടറി യുവതിയെ തടഞ്ഞുനിര്‍ത്തി അശ്ലീലം പറഞ്ഞതായി പരാതി
1484479
Thursday, December 5, 2024 3:58 AM IST
നെടുങ്കണ്ടം: യുവതിയെ തടഞ്ഞുനിര്‍ത്തി അശ്ലീലം പറയുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്. പോത്തിന്‍കണ്ടം ബ്രാഞ്ച് സെക്രട്ടറി പാറയ്ക്കല്‍ ബിജു ബാബുവിനെതിരേയാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടന്മേട് പോലീസ് കേസെടുത്തത്.
യുവതി ചേറ്റുകുഴിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ്. ജോലിക്ക് പോകുമ്പോഴും തിരികെവരുമ്പോഴും നിരന്തരമായി ബിജു യുവതിയെ അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ ഇത് തുടരുകയായിരുന്നു.
ജോലി കഴിഞ്ഞ് സന്ധ്യാസമയത്ത് പിതാവുമൊത്ത് പോകുമ്പോള്‍ ഇരുവരെയും വാഹനത്തില്‍ വന്ന് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. കൂടാതെ വിദേശത്തുള്ള സഹോദരനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും യുവതിയെ ബംഗളൂരുവിലേക്കു തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിവാഹം നിശ്ചയിച്ച യുവതിയുടെ പ്രതിശ്രുത വരനെ തേജോവധം ചെയ്ത് മെസേജ് അയയ്ക്കുന്നതായും പരാതിയില്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലും യുവതിയുടെ പേര് വച്ച് മെസേജ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്. സംഭവത്തില്‍ വണ്ടന്മേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിജുവിനെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചു.