ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരും ടെക്നീഷന്മാരുമില്ല
1484478
Thursday, December 5, 2024 3:58 AM IST
തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതുമൂലം രോഗികൾ ദുരിതത്തിൽ. ഇവിടെ ജോലി ചെയ്തിരുന്ന ഇഎൻടി സ്പെഷലിസ്റ്റ് സ്ഥലംമാറിപ്പോയതോടെയാണ് ഇവിടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. ഇതോടെ ചികിൽസ തേടിയെത്തുന്ന നിർധന രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ഇഎൻടി വിഭാഗത്തിൽ പുതിയ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിദിനം നൂറുകണക്കിനുരോഗികൾ ചെവി, മൂക്ക്, തൊണ്ട എന്്നിവയ്ക്ക് ചികിത്സ തേടി എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ്. പേരിൽ ജില്ലാ ആശുപത്രിയാണെങ്കിലും ഡോക്ടർമാരുടെ തസ്തികകൾ പലതും ഒഴിഞ്ഞു കിടക്കുകയാണ്.
ആധുനിക ചികിത്സാ ഉപകരണങ്ങൾ ഉണ്ടെങ്കിലും ടെക്നീഷന്മാർ ഇല്ലാത്തതിനാൽ ഇവയുടെ സേവനം രോഗികൾക്ക് ലഭിക്കുന്നില്ല.
സ്പെഷലിസ്റ്റ് വിഭാഗങ്ങളിൽ ഭൂരിഭാഗത്തിലും ഡോക്ടർമാർ ഇല്ലാത്ത സ്ഥിതിയാണ്. അടുത്ത നാളിൽ ജില്ലാ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി മാറ്റണമെന്ന് ഭരണകക്ഷിയിലെ സംഘടനതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലുള്ള തസ്തികകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കാൻ ആവശ്യമായ സമ്മർദം ചെലുത്തണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.
ന്യൂറോ വിഭാഗത്തിൽ ജില്ലാ ആശുപത്രി വിദഗ്ധ സേവനം നൽകിയതായി രണ്ടു വർഷം മുന്പ് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ന്യൂറോ വിഭാഗം ചികിത്സയ്ക്കുള്ള ആധുനിക ഉപകരണങ്ങൾ എത്തിച്ച് ഒരു രോഗിയെ ചികിത്സിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ ന്യൂറോ ഡോക്ടറെ കോട്ടയം ജില്ലയിലേക്ക് സ്ഥലം മാറ്റി. ഇതോടെ ന്യൂറോ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചു.
ലക്ഷകണക്കിനു രൂപ ചെലവഴിച്ചുവാങ്ങിയ ഉപകരണങ്ങൾ പലതും തുരുന്പെടുത്ത് നശിക്കുന്ന അവസ്ഥയിലുമാണ്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്താൻ ആവശ്യമായ നടപടിയുണ്ടായില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങാനാണ് ജനങ്ങളുടെ തീരുമാനം.