ജീവനക്കാർ ജോലിക്ക് ഹാജരാകുന്നതായി ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മീഷൻ
1484243
Wednesday, December 4, 2024 4:35 AM IST
ഇടുക്കി: കൊക്കയാർ പഞ്ചായത്തിലെ മേലോരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ കൃത്യമായി ജോലിക്ക് ഹാജരാകുന്നതായി ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി.
മൂന്നുമാസത്തിലൊരിക്കൽ ഡപ്യൂട്ടി ഡിഎംഒ (വിജിലൻസ്) ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും രോഗികൾക്ക് യഥാസമയം ചികിത്സ ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ജീവനക്കാർ ഡിഎംഒയുടെ നിർദേശങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വെള്ളവും വെളിച്ചവുമില്ലാത്ത സബ് സെന്ററുകളിൽ അവ ലഭ്യമാക്കാൻ ഡിഎംഒ നടപടിയെടുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.മേലോരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർ ഹാജരാകുന്നില്ലെന്ന പരാതിയിലാണ് നടപടി. ആശുപത്രിയിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 17 ജീവനക്കാരുണ്ടെന്ന് ഇടുക്കി ഡിഎംഒ കമ്മീഷനെ അറിയിച്ചു.
ആശുപത്രിയിൽനിന്നു ജീവനക്കാർ പോകുന്പോൾ പോകുന്ന സ്ഥലവും സമയവും മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഫീൽഡിൽ ജോലി ചെയ്യുന്നവരുടെ ടൂർ ഡയറി സൂപ്പർവൈസറും മെഡിക്കൽ ഓഫീസറും ഒപ്പിട്ടിരിക്കണം. ഒപി വിഭാഗം പ്രവർത്തിക്കുന്നില്ലെങ്കിൽ ഒരു ദിവസം മുന്പേ അക്കാര്യം എഴുതി പ്രദർശിപ്പിക്കണം. പഞ്ചിംഗ് മെഷീൻ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റിപ്പോർട്ടിലെ കാര്യങ്ങൾ അവാസ്തവമാണെന്ന് പരാതിക്കാരനായ മേലോരം ഉൗരുമൂപ്പൻ ഏബ്രഹാം ഇറ്റക്കൽ കമ്മീഷനെ അറിയിച്ചു. ആശുപത്രിയിൽ ജീവനക്കാർ കൃത്യമായി ഹാജരാകുന്നില്ലെന്ന ആരോപണത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഡിഎംഒ യുടെ റിപ്പോർട്ടിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ആഴ്ചയിലൊരിക്കൽ ഇടുക്കി ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകണം. ഇത് ഒരു വർഷം തുടരണമെന്നും ഉത്തരവിൽ പറയുന്നു.