കഞ്ഞിക്കുഴിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേടെന്ന്
1484236
Wednesday, December 4, 2024 4:31 AM IST
വ്യാപാരികൾ നിർമിച്ച കിണറിന് തൊഴിലുറപ്പിൽ സ്വകാര്യ വ്യക്തിക്ക് പണം
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേടെന്ന് പരാതി. വ്യാപാരികൾ സ്ഥലം വാങ്ങി നിർമിച്ച കിണറിന് ഓവർസിയറിന്റെ ബന്ധു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം മാറിയെടുത്തെന്നാണ് ആരോപണം.
2016ൽ കഞ്ഞിക്കുഴിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ അവരുടെ ആവശ്യങ്ങൾക്കായി സ്ഥലം വാങ്ങി നിർമിച്ച കിണർ തന്റേതാണെന്ന് കാണിച്ചാണ് സ്വകാര്യ വ്യക്തി തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി പണം കൈക്കലാക്കിയത്.
തൊഴിലുറപ്പ് എഇയും ഓവർസിയറും ഇതിന് കൂട്ടുനിന്നതായി വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമായി. വ്യാപാരികൾ കിണർ നിർമിച്ചിരിക്കുന്നതിന്റെയും റിംഗ് ഇറക്കുന്നതിന്റെയും ചിത്രങ്ങൾ എടുത്ത് തൊഴിലുറപ്പ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം തട്ടിയെടുക്കുകയായിരുന്നു.
പഞ്ചായത്തിലെ രേഖകളിൽ കാണുന്ന കിണർ താൻ കഞ്ഞിക്കുഴി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റായിരിക്കുന്ന കാലത്ത് സ്വകാര്യ വ്യക്തിയിൽനിന്നു പണം കൊടുത്ത് വാങ്ങിയ സ്ഥലത്ത് നിർമിച്ചതാണെന്ന് വ്യാപാരി പ്രതിനിധിയായ ബിജു പറഞ്ഞു.
തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥന്റെ ബന്ധുകൂടിയായ സ്ത്രീയുടെ പേരിലാണ് കിണർ നിർമിച്ചതായി രേഖയുണ്ടാക്കി പണം മാറിയിരിക്കുന്നത്. ഇത് സംബന്ധിച്ചു പരാതി ലഭിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സർക്കാരിന് പണം നഷ്ടപ്പെടാതെ കുറ്റക്കാരിൽ നിന്നും പണം തിരിച്ചുപിടിക്കുമെന്നും കഞ്ഞിക്കുഴി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
പഞ്ചായത്ത് ഭരണസമിതി തങ്ങളുടെ ഇഷ്ടക്കാർക്ക് തൊഴിലുറപ്പിലുൾപ്പെടെ നടത്തിവരുന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം പ്രവർത്തകർ പറഞ്ഞു.