പഞ്ചഗുസ്തിയിൽ താരങ്ങൾ അമ്മയും മക്കളും
1484235
Wednesday, December 4, 2024 4:31 AM IST
ചെറുതോണി: ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ അമ്മക്കും മക്കൾക്കും ഇരട്ട സ്വർണം. തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തിൽ നടന്ന 47-ാമത് ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ സബ് ജൂനിയർ പെൺകുട്ടികളുടെ 40 കിലോ വിഭാഗത്തിൽ ഇരട്ട സ്വർണ മെഡലുകൾ നേടി കെ. നൈനിക, 45 കിലോ വിഭാഗത്തിൽ രണ്ട് സ്വർണ മെഡലുകൾ നേടിയ കെ. ബാലനന്ദ, സീനിയർ വനിത 70 കിലോ വിഭാഗത്തിൽ ഇരട്ട സ്വർണമെഡലുകൾ നേടി എസ്. കാർത്തിക എന്നിവരാണ് താരങ്ങളായത്.
ജില്ല പോലീസ് ടെലികമ്യൂണിക്കേഷൻ എസ്ഐ ബൈജു ബാലിന്റെ ഭാര്യയാണ് കാർത്തിക. ജില്ലാ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റാണ് കാർത്തിക. ഇവരുടെ മക്കളാണ് ബാലാനന്ദയും നൈനികയും. ബാലനന്ദ പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ഒന്പതാം ക്ലാസ് വിദ്യാഥിയും നൈനിക നാലാം ക്ലാസ് വിദ്യാർഥിയുമാണ്. ജില്ലയിൽനിന്നു മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നൈനിക.
മൂവരുടെയും പരിശീലകർ ഭൂമിയാംകുളം സ്വദേശി മുണ്ടനാനിയിൽ ജോസും (ലാലു), ഭാര്യ ജിൻസിയുമാണ്. 2025 ജനുവരി രണ്ടുമുതൽ അഞ്ചുവരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് മൂവരും പങ്കെടുക്കും.