റേഷനരി മറിച്ചുവിറ്റ സംഭവം: അന്വേഷണം തുടങ്ങി
1484234
Wednesday, December 4, 2024 4:31 AM IST
മൂന്നാർ: ഇടമലക്കുടിയിലെ ആദിവാസികൾക്കു വിതരണം ചെയ്യേണ്ട 10 ടണ്ണോളം റേഷൻ അരി മറിച്ചു വിറ്റ സംഭവത്തിൽ പൊതുവിതരണ വകുപ്പ് അന്വേഷണം ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി.
ഇടമലക്കുടിയിലെ റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്ന പെട്ടിമുടിയിലെ ഗോഡൗണിൽനിന്നാണ് 10 ടണ്ണോളം അരി കാണാതായത്. സ്റ്റോക്കിൽ കുറവ് വന്നത് പരിശോനയിൽ വ്യക്തമായതോടെ ഇതുമായി ബന്ധപ്പെട്ട് രണ്ടു പേർക്കെതിരേ നടപടി എടുത്തിട്ടുണ്ട്. സ്റ്റോർ കീപ്പർമാരായ രണ്ടു പേർക്കെതിരേയാണ് നടപടി.
ഇടമലക്കുടിയിലേക്ക് റേഷൻ വസ്തുക്കൾ എത്തിക്കാൻ ചുമതലപ്പെട്ട ഗിരിജൻ സൊസൈറ്റി ഭാരവാഹികളാണ് ഇവർ. അരി മറിച്ചുവിറ്റതിൽ താലൂക്ക് സപ്ലൈ ഓഫീസിലെ ചില താത്കാലിക ജീവനക്കാരുടെ ഒത്താശയും ഉണ്ടെന്നാണ് സൂചന.
റേഷൻ അരി മറിച്ചു വിറ്റതോടെ കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഇടമലക്കുടിയിലെ റേഷൻ വിതരണം മുടങ്ങിയിരിക്കുകയായിരുന്നു. ഒറ്റപ്പെട്ടു കഴിയുന്ന അദിവാസി ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികൾക്ക് വിതരണം ചെയ്യേണ്ട അരി തന്നെ മറിച്ചുവിറ്റ സംഭവം ജില്ലാ ഭരണകൂടവും ഗൗരവമായി എടുത്തിട്ടുണ്ട്.
കാലാകാലങ്ങളായി ഇടമലക്കുടിയിലെ റേഷൻ വിതരണം അവതാളത്തിലാകുന്നതും ക്രമക്കേടുകൾ ഉണ്ടാകുന്നതും ആദിവാസികൾക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. റേഷൻ വിതരണം നടത്താൻ ചുമതലപ്പെട്ട ദേവികുളം ഗിരിജൻ സൊസൈറ്റിക്ക് സർക്കാരിൽനിന്നു ലഭിക്കേണ്ട ഫണ്ട് ലഭിക്കാതെ വന്നപ്പോൾ 2017 ൽ റേഷൻ വിതരണം തന്നെ നിലയ്ക്കുന്ന സാഹചര്യമെത്തിയിരുന്നു.
അന്നുതന്നെ ഇതുമായി ബന്ധപ്പെട്ട് വൻ അഴിമതി നടക്കുന്നതായും കണ്ടെത്തിയിരുന്നു. സർക്കാർ നേരിട്ട് ഇടപെട്ടാണ് അന്നത്തെ പ്രശ്നം പരിഹരിച്ചത്. കാലവർഷക്കെടുതിയിൽ റോഡുകൾ തകരുന്ന വേളയിലും റേഷൻ വിതരണം മുടങ്ങുന്ന അവസ്ഥയാണുള്ളത്. 2022 ലെ പ്രതികൂലകാലാവസ്ഥയിൽ റോഡുകൾ തകർന്നത് ചരക്കു നീക്കത്തെ വലിയ തോതിൽ ബാധിച്ചിരുന്നു.