പീരുമേട് ടീ കമ്പനിയിലെ ഫാക്ടറികൾ പൊളിച്ചുനീക്കാൻ തുടങ്ങി
1484230
Wednesday, December 4, 2024 4:31 AM IST
ഉപ്പുതറ: 24 വർഷമായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി ഫാക്ടറികൾ പൊളിക്കാൻ നടപടി തുടങ്ങി.ഏറെ പ്രതിഷേധങ്ങൾക്കുശേഷം കോടതിയുടെ അനുമതിയോടെയാണ് ഫാക്ടറികൾ പൊളിച്ചു വിൽക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ് രണ്ടു ഫാക്ടറികളും.
തോട്ടം പൂട്ടുന്നതിന് മുൻപ് മുതൽ ഗ്രാറ്റുവിറ്റി, ബോണസ്, ശമ്പളം തുടങ്ങി കോടിക്കണക്കിനു രൂപ തൊഴിലാളികൾക്ക് കമ്പനി നൽകുന്നുണ്ട്. ഈ കുടിശിക നൽകാനെന്ന പേരിൽ കഴിഞ്ഞ ജൂണിൽ ഒരു കോടി രൂപയ്ക്ക് ഉടമ മറ്റൊരു സ്വകാര്യ കമ്പനിക്ക് ഫാക്ടറികൾ വിറ്റിരുന്നു. ജൂലൈ 15 ന് ഫാക്ടറി പൊളിക്കുമെന്ന് സ്വകാര്യ കമ്പനി ട്രേഡ് യൂണിയനെ അറിയിച്ചു.
അന്നുതന്നെ സംയുക്ത ട്രേഡ് യൂണിയൻ ഫാക്ടറി വിലയ്ക്കു വാങ്ങിയ കമ്പനിയെ എതിർപ്പറിയിച്ചു. തുടർന്ന് യൂണിയൻ നേതാക്കൾക്കെതിരേ തോട്ടം ഉടമ കോടതിയെ സമീപിച്ചു.
തൊഴിലാളികൾക്ക് നൽകാനുള്ള കുടിശിക നൽകാതെ ഫാക്ടറി പൊളിക്കുന്നതിനെ കോടതിയിൽ ട്രേഡ് യൂണിയനും എതിർത്തു. ഡിസംബർ 13ന് തുക നൽകാമെന്ന് തോട്ടം ഉടമ സത്യവാങ് മൂലം നൽകുകയും തുടർന്ന് ഫാക്ടറി പൊളിക്കാൻ കോടതി അനുമതി നൽകുകയുമായിരുന്നു.ചൊവ്വാഴ്ച ഫാക്ടറിയുടെ ചുറ്റുമുള്ള കാട് വെട്ടിമാറ്റാൻ തുടങ്ങി.
കൊളുന്തു സംസ്കരിക്കുന്ന സിടിസി മെഷീൻ ഉൾപ്പെടെ തറയിൽ ഉറപ്പിച്ചിട്ടുള്ള മറ്റു സാമഗ്രികളും പരിശോധിച്ചു. ജനറേറ്ററുകൾ, മോട്ടോറുകൾ ഉൾപ്പെടെ വിലപിടിപ്പുള്ള നിരവധി സാമഗ്രികൾ മോഷണം പോയിട്ടുണ്ടെന്ന് ഫാക്ടറി വാങ്ങിയവർ പറഞ്ഞു. ഉടമ തോട്ടം ഉപേക്ഷിച്ചുപോയിട്ട് ഡിസംബർ 13ന് 24 വർഷം പൂർത്തിയാകും.
ഫാക്ടറി കൂടി പൊളിച്ചുകൊണ്ടുപോകുന്നതോടെ തോട്ടം തുറക്കുമെന്ന തൊഴിലാളികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. 2000ൽ തോട്ടം ഉപേക്ഷിച്ച് ഉടമ സ്ഥലം വിടുമ്പോൾ 1,300 സ്ഥിരം തൊഴിലാളികളും അത്ര തന്നെ താത്കാലിക (വാരത്താൾ) തൊഴിലാളികളും 33 ഓഫീസ് ജീവനക്കാരുമാണ് ഇവിടെ ഉണ്ടായിരുന്നത്.
ഗ്രാറ്റുവിറ്റി, ബോണസ് ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ നൽകാതെയാണ് ഉടമ തോട്ടം ഉപേക്ഷിച്ചുപോയത്. സംയുക്ത ട്രേഡ് യൂണിയൻ വീതിച്ചു നൽകിയ പ്ലോട്ടുകളിൽനിന്നു കൊളുന്തു നുള്ളി വിൽപ്പന നടത്തിയും മറ്റിടങ്ങളിൽ കൂലിപ്പണി ചെയ്തുമാണ് അന്നുമുതൽ തൊഴിലാളികൾ ഉപജീവനം നടത്തുന്നത്.