ലോട്ടറിത്തൊഴിലാളികൾക്ക് യൂണിഫോം വിതരണം നടത്തി
1484213
Wednesday, December 4, 2024 3:59 AM IST
തൊടുപുഴ: ലോട്ടറി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് ഇതര ക്ഷേമനിധിയേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ സർക്കാർ നൽകുന്പോഴും ഭൂരിപക്ഷം തൊഴിലാളികളും അംഗങ്ങളാകാത്തത് ഗൗരവമായി കാണണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ലോട്ടറിത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറി വരുമാനത്തിന്റെ ലാഭവിഹിതം ഉപയോഗിച്ചാണ് തൊഴിലാളികൾക്കും ആശ്രിതർക്കും ചികിത്സ, വിദ്യാഭ്യാസ, മറ്റ് ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നത്. അശരണരായവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം ലോട്ടറി ജനകീയമാക്കാൻ കഴിഞ്ഞതായും ഇവർക്കുള്ള അംഗീകാരത്തിന്റെ ഭാഗമാണ് യൂണിഫോം വിതരണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭാ ചെയർപേഴ്സണ്‍ സബീന ബിഞ്ചു, സംസ്ഥാന ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി. സജുകുമാർ, കൗണ്‍സിലർ ജോസഫ് ജോണ്‍, ജില്ലാ ക്ഷേമ നിധി ഓഫീസർ സി.കെ. ബിന്ദുമോൾ, ജി.ഗിരീഷ് കുമാർ, ആർ.വിനോദ്, അനിൽ ആനിക്കനാട്ട്, വി.എൻ. രവീന്ദ്രൻ, എം.ആർ. സഹജൻ, സി.കെ. ബിന്ദുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.