വണ്ടിപ്പെരിയാർ കേസ്: സർക്കാർ വേട്ടക്കാരനൊപ്പമെന്ന് എംപി
1484209
Wednesday, December 4, 2024 3:59 AM IST
തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറുവയസുള്ള പെണ്‍കുട്ടിയുടെ കൊലപാതകക്കേസിൽ പ്രതിയെ രക്ഷിക്കുന്നതിന് സർക്കാർ ബോധപൂർവം പ്രവർത്തിക്കുന്നതായും ഇരയുടെ കുടുംബത്തിനൊപ്പമെന്ന് പറയുകയും അതേ സമയം വേട്ടക്കാരനെ സംരക്ഷിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകക്കേസിൽ പ്രോസിക്യൂഷനും പോക്സോ കോടതിക്കും തെറ്റുപറ്റിയതായി പൊതു അഭിപ്രായം ഉയർന്നിരുന്നു.
കേസിൽ പുനരന്വേഷണവും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതിയും ലഭ്യമാക്കുന്നതിന് അഞ്ചിന ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് നൽകിയ കത്തിന് കഴിഞ്ഞ ദിവസം ആഭ്യന്തര അഡീഷണൽ സെക്രട്ടറിയിൽനിന്നു മറുപടി ലഭിച്ചു. പ്രതിയെ രക്ഷിക്കുന്നതിനായുള്ള ബോധപൂർവമായ ഇടപെടൽ ഇതിൽ ഉണ്ടായെന്നാണ് സംശയം.
സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന പാവപ്പെട്ട തോട്ടം തൊഴിലാളിയുടെ കുടുംബത്തിന്റെ ന്യായവും മാനുഷികവുമായ ആവശ്യം സർക്കാർ നിഷ്കരുണം തള്ളിക്കളഞ്ഞു. നിയമവിരുദ്ധമായി കേസിൽ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥനെ കോടതി സ്റ്റേയുടെ മറവിൽ സംരക്ഷിക്കുന്നതായി സംശയം ജനിപ്പിക്കുന്നു.
കേസിന്റെ പുനരന്വേഷണം, പ്രതിയുടെ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി എന്നിവ നിരാകരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും എംപി കുറ്റപ്പെടുത്തി.