മേഴ്സി ലൈൻ റോഡ് അപകടാവസ്ഥയിൽ
1484208
Wednesday, December 4, 2024 3:59 AM IST
തൊടുപുഴ: നഗരസഭ 14-ാം വാർഡിൽ തോടിനോടു ചേർന്നു കടന്നുപോകുന്ന മേഴ്സി ലൈൻ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.
തൊടുപുഴ -ഉടുന്പന്നൂർ സംസ്ഥാന പാതയിൽനിന്നു രണ്ടുപാലം, ഉണ്ടപ്ലാവ് ഭാഗത്തേക്ക് കടന്നുപോകുന്ന റോഡാണിത്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന റോഡിലാണ് രണ്ടുപാലം മുനിസിപ്പൽ കോളനിയും സ്ഥിതി ചെയ്യുന്നത്. റോഡിന്റെ ഏതാനും മീറ്റർ ദൂരം തോടിനോടു ചേർന്നാണ് കടന്നു പോകുന്നത്.
മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കുള്ള തോടാണിത്. ഇവിടെ റോഡിന് സംരക്ഷണഭിത്തി നിർമിച്ചിട്ടില്ല. കൂടാതെ തോടിനു സമാന്തരമായി വളവ് നിവർത്താതെയാണ് റോഡ് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇവിടെ സ്കൂൾ വിദ്യാർഥി തോട്ടിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു.
ഇവിടെ റോഡ് നിവർത്തുകയോ സംരക്ഷണഭിത്തി നിർമിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വഴിയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ തോടിനോടു ചേർന്ന് കൈവരി നിർമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.