കലോത്സവ കോഴവിവാദം: നൃത്താധ്യാപകർ സമരത്തിലേക്ക്
1484206
Wednesday, December 4, 2024 3:59 AM IST
മുന്പ് പരാതി നൽകിയിട്ടും നടപടിയില്ല
തൊടുപുഴ: സ്കൂൾ കലോത്സവങ്ങളിൽ വിവാദമാകുന്ന കോഴ ആരോപണങ്ങളിൽ നടപടി ആവശ്യപ്പെട്ട് നൃത്താധ്യാപകർ സമരത്തിലേക്ക്. കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിൽ നടന്ന റവന്യു ജില്ലാ കലോത്സവത്തിലും കോഴ ആരോപണം ഉയർന്നിരുന്നു. വിധി കർത്താക്കളെ ഹൈറേഞ്ച് മേഖലയിലെ നൃത്താധ്യാപകൻ വിലയ്ക്കെടുത്തെന്നാരോപിച്ചായിരുന്നു ജില്ലാ കലോത്സവത്തിലെ ആദ്യ ദിനം തന്നെ സംഘർഷമുണ്ടായത്.
വിധികർത്താക്കളുമായുള്ള സംഭാഷണത്തിന്റെ ഫോണ് കോൾ രേഖകളും ചിത്രങ്ങളും നൃത്താധ്യാപകർ പുറത്തുവിടുകയും ചെയ്തു. മത്സരാർഥികളും രക്ഷിതാക്കളും നൃത്താധ്യാപകരും പ്രതിഷേധിച്ചതോടെ വേദിയിൽ നടക്കാനിരുന്ന 11 നൃത്തയിനങ്ങളും മാറ്റിവച്ചു. പിന്നീട് വിധികർത്താക്കളെ മാറ്റി പുതിയവരെ എത്തിച്ചാണ് സമാപനദിവസം മത്സരം നടത്തി കലോത്സവം പൂർത്തിയാക്കിയത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നും ആരോപണമുയർന്നു.
വിധി നിർണയത്തെച്ചൊല്ലി ആരോപണമുയർന്ന പശ്ചാത്തലത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എസ്. ഷാജി പോലീസിൽ പരാതി നൽകുകയും ചെയ്തു. വിധി നിർണയത്തെച്ചൊല്ലി ഒരു വിഭാഗം നൃത്ത അധ്യാപകരും രക്ഷിതാക്കളും ശബ്ദരേഖകളും സ്ക്രീൻഷോട്ടുകളും സഹിതം ഡിഡിക്ക് പരാതി നൽകുകയും ചെയ്തു. ഇതും പോലീസിനു കൈമാറിയിട്ടുണ്ട്.
സംഭവത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കഞ്ഞിക്കുഴി എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഇടുക്കി ഡിവൈഎസ്പി ജിത്സൻ മാത്യു പറഞ്ഞു.
നാളെ മാർച്ചും ധർണയും
തൊടുപുഴ: ഉപ ജില്ലാ, റവന്യു ജില്ലാ സ്കൂൾ കലോത്സവങ്ങളിലെ നൃത്തയിനങ്ങളിലെ വിധി നിർണയത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് നൃത്താധ്യാപകസംഘടനയായ അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ നാളെ തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തും.
ഉച്ച കഴിഞ്ഞ് മൂന്നിന് മാരിയിൽകലുങ്കിലുള്ള സംഘടന ഓഫീസിൽനിന്നും മാർച്ച് ആരംഭിക്കും. വിധി നിർണയത്തിൽ ക്രമക്കേടുകൾ നടത്തിയവരെ ഇനിയുള്ള കലോത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് സംഘടന ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിധികർത്താക്കളെക്കുറിച്ചും ക്രമക്കേടിന് പ്രേരിപ്പിക്കുന്നവരെ കുറിച്ചും മുൻ കാലങ്ങളിലും സംഘടന വിവിധ തലങ്ങളിൽ പരാതിനൽകിയിട്ടുണ്ട്. എന്നാൽ നടപടി സ്വീകരിക്കുന്നതിൽ അധികൃതർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്.
മാർച്ചിലും ധർണയിലും സംസ്ഥാന , ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് അമീന സണ്ണി, ജോയിന്റ് സെക്രട്ടറി ലതാ സുരേഷ്, ട്രഷറർ ശ്രീനിഷ രമേഷ്, എക്സിക്യൂട്ടീവ് അംഗം മത്തായിജോസഫ് എ പത്രസമ്മേളനത്തിൽ പറഞ്ഞു.