സിഎച്ച്ആർ: സർക്കാർ തെറ്റ് തിരുത്തണമെന്ന് കോണ്ഗ്രസ്
1484175
Tuesday, December 3, 2024 8:13 AM IST
തൊടുപുഴ: സിഎച്ച്ആർ വിഷയത്തിൽ ജനകീയ കൂട്ടായ്മ നടത്തി കർഷകർക്ക് ആശങ്ക വേണ്ടെന്നു പറയുന്ന സിപിഎം, സിപിഐ നേതാക്കൾ സിഎച്ച്ആറിലെ പട്ടയ വിതരണം സുപ്രീം കോടതി തടഞ്ഞതെന്തിനെന്ന് വ്യക്തമാക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുന്പോൾ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത്. കേസ് നടത്തിപ്പിൽ സ്വന്തം സർക്കാർ വരുത്തിയ ഗുരുതര വീഴ്ചകളും അത് കോടതിയിൽ സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതവും മനസിലാക്കി സർക്കാരിനെക്കൊണ്ട് തെറ്റ് തിരുത്തിക്കാൻ ഇടതു നേതൃത്വം തയാറാവണം.
ഒക്ടോബർ 23ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന പല കാര്യങ്ങളും വസ്തുതയ്ക്ക് നിരക്കാത്തതാണ്. ഇതിൽ വ്യക്തത വരുത്താൻ പലതവണ കോടതി ആവശ്യപ്പെട്ടിട്ടും 2007ൽ അന്നത്തെ എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ അതേപടി ആവർത്തിക്കുകയാണ് ചെയ്തത്. ഇതിൽ സിഎച്ച്ആർ ഏരിയയിൽ പട്ടയം നൽകിയതിന്റെ കണക്കും സത്യവാങ് മൂലത്തിലെ കണക്കും തമ്മിൽ പൊരുത്തക്കേടുണ്ട്.
സിഎച്ച്ആർ ഏരിയ 413 ചതുരശ്ര മൈൽ എന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ, റവന്യു വകുപ്പിന്റെ കൈവശമുള്ള വിവിധ രേഖകളിൽ സിഎച്ച്ആറിന്റെ വിസ്തൃതിയായി പറയുന്നത് 334 ചതുരശ്ര മൈലാണ്. 1958 ലെ റവന്യു വകുപ്പിന്റെ ഉത്തരവിലും ഇതു തന്നെയാണ് ആവർത്തിക്കുന്നത്.
413 ചതുരശ്ര മൈലാണ് സിഎച്ച്ആർ ഏരിയയെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും ഇല്ലാതെയാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
1897ലെ വിജ്ഞാപനപ്രകാരം 15,720 ഏക്കറാണ് സിഎച്ച്ആറിൽ സംരക്ഷിത വനമെന്നും ഇത് പഴയ ഉടുന്പൻചോല താലൂക്കിലാണെന്നും ഭൂമിശാസ്ത്രപരമായി സിഎച്ച്ആർ ഏരിയയ്ക്ക് പുറത്താണ് ഈ സംരക്ഷിത വനമെന്നുമാണ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ഈ വിജ്ഞാപനത്തിൽ സംരക്ഷിത വനമായി പറയുന്ന പ്രദേശത്തിന്റെ അതിർത്തി കൃത്യമായി പറയുന്നുണ്ട്.
അപ്പോൾ സംരക്ഷിതവനം സിഎച്ച്ആറിന് പുറത്താണെന്ന വാദം എങ്ങനെ നിലനിൽക്കുമെന്ന് സർക്കാർ വ്യക്തമാക്കണം. 2009ൽ സുപ്രീം കോടതി സിഎച്ച്ആറിൽ ഉൾപ്പെട്ട 20,363.159 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകാൻ അനുമതി നൽകിയതാണ്.
സിഎച്ച്ആർ പ്രദേശത്ത് പട്ടയം നൽകുന്നത് 2009 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന കാര്യം സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിട്ടില്ല.
ഇതാണ് ഇപ്പോൾ പട്ടയ വിതരണം താത്കാലികമായി തടയാൻ കാരണമായത്. സുപ്രീം കോടതി പലതവണ ആവശ്യപ്പെട്ടിട്ടും സിഎച്ച് ആറിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ കോടതിയിൽ നൽകാതെ തെറ്റായ വിവരങ്ങൾ നൽകിയ സർക്കാർ നടപടി ദുരൂഹമാണെന്നും ബിജോ മാണി ആരോപിച്ചു.
പത്രസസമ്മേളനത്തിൽ ഡിസിസി വൈസ്പ്രസിഡന്റ് മുകേഷ് മോഹനൻ, യൂത്ത് കോണ്ഗ്രസ് ഉടുന്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവർ പങ്കെടുത്തു.