ജനവാസമേഖലകളിറങ്ങിയ ആനകളെ തുരത്തി
1484173
Tuesday, December 3, 2024 8:13 AM IST
മുള്ളരിങ്ങാട്: വണ്ണപ്പുറം, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ഭീതി വിതച്ച് തന്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ തുരത്തി. ജനവാസ മേഖലയിൽ തന്പടിച്ചിരുന്ന കാട്ടാനക്കൂട്ടങ്ങളെ വനംവകുപ്പിന്റെയും പഞ്ചായത്തുകളുടെയും വനം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മുള്ളരിങ്ങാട്, ചാത്തമറ്റം, പൈങ്ങോട്ടൂർ, തേൻകോട്, തലക്കോട്, പാച്ചേറ്റി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരുടെ സൗഹൃദ കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് തുരത്തിയത്.
ചുള്ളിക്കണ്ടം, പാച്ചേറ്റി, അള്ളുങ്കൽ, തേൻകോട്, ചാത്തമറ്റം,കടവൂർ, പുന്നമറ്റം എന്നീ മേഖലകളിലെ ജനങ്ങൾക്ക് ഭീഷണിയായി നിന്ന കാട്ടാനകളെയാണ് ഉൾവനത്തിലേക്ക് തുരുത്തിയത്. വണ്ണപ്പുറം, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, കോതമംഗലം ഡിഎഫ്ഒ, മുള്ളരിങ്ങാട്, നേര്യമംഗലം റേഞ്ച് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ, ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവരുൾപ്പെട്ട സംഘമാണ് ആനകളെ തുരത്താൻ മുന്നിട്ടിറങ്ങിയത്. ആനകൾ മേഖലയിലേക്ക് കടന്നു വരാതിരിക്കാൻ ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.