കനത്ത മഴ: ജാഗ്രതയോടെ ജില്ല
1484170
Tuesday, December 3, 2024 8:13 AM IST
തൊടുപുഴ: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാവിലെ മഴയുടെ ശക്തി കുറഞ്ഞുനിന്നെങ്കിലും ഉച്ചയ്ക്കു ശേഷം മഴ കനത്തു.
തീവ്ര മഴ മുന്നറിയിപ്പിനെത്തുടർന്ന് ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഹൈറേഞ്ച്, ലോറേഞ്ച് മേഖലകളിൽ ശക്തമായ മഴ ലഭിച്ചു. തൊടുപുഴ ഉൾപ്പെടെയുള്ള മേഖലകളിൽ ഇടവിട്ട് ശക്തമായ മഴ പെയ്തു. കാര്യമായ കെടുതികൾ വൈകുന്നേരം വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 59.44 മില്ലിമീറ്റർ മഴ ലഭിച്ചു. ഏറ്റവുമധികം മഴ ലഭിച്ചത് പീരുമേട് താലൂക്കിലാണ്. 145 മില്ലിമീറ്റർ. തൊടുപുഴ - 44.2, ഇടുക്കി - 35.8, പീരുമേട് - 145, ദേവികുളം - 30.2, ഉടുന്പൻചോല - 42 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ ലഭിച്ച മഴയുടെ കണക്ക്. ശക്തമായ മഴയെത്തുടർന്ന് ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നുതുടങ്ങി. ജില്ലയിൽ നിലവിൽ ഇന്ന് മഴമുന്നറിയിപ്പില്ല. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
കനത്ത മഴമുന്നറിയിപ്പിനെത്തുടർന്ന് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബോട്ടിംഗ് നിർത്തിവച്ചു. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, ചെങ്കുളം എന്നിവിടങ്ങളിൽ ഇന്നലെ ബോട്ട് സർവീസ് നിർത്തിവച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്നലെ ബോട്ടിംഗ് നിരോധിച്ചത്. ടൂറിസ്റ്റ് സീസണ് ആരംഭിച്ചതോടെ ഉത്തരേന്ത്യക്കാരും വിദേശികളും മൂന്നാർ സന്ദർശനത്തിനെത്തുന്നുണ്ട്. മാട്ടുപ്പെട്ടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സഞ്ചാരികൾ ബോട്ടിംഗിനായി എത്തിയെങ്കിലും നിരാശരായി മടങ്ങുകയായിരുന്നു.
കാനനപാതയിലൂടെ സഞ്ചാരം നിരോധിച്ചു
ഇടുക്കി: ഫിൻജാൽ ചുഴലിക്കാറ്റിന്റെ ഭാഗമായി കാലാവസ്ഥാമുന്നറിയിപ്പ് പ്രകാരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ കുമളിയിൽനിന്നു മുക്കുഴി, സത്രം വഴി ശബരിമലയ്ക്കുള്ള കാനന പാതയിലൂടെയുള്ള അയ്യപ്പഭക്തന്മാരുടെ യാത്ര കാലാവസ്ഥ അനുകൂലമാകുന്നതു വരെ താത്കാലികമായി നിരോധിച്ചു. ശബരിമല കാനന പാതയിലും പരിസരത്തും ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിലാണിത്.
ഉത്തരവ് കർശനമായി നടപ്പാക്കുന്നതിനായി ജില്ലാ പോലീസ് മേധാവി , ഡെപ്യൂട്ടി ഡയറക്ടർ, പെരിയാർ ടൈഗർ റിസർവ്, വെസ്റ്റ് ഡിവിഷൻ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു.
അയ്യപ്പൻകോവിൽ പരപ്പ് പാറമടയിൽ മണ്ണിടിഞ്ഞു
ഉപ്പുതറ: വൻതോതിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് പുളിയൻമല -കുട്ടിക്കാനം മലയോര ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ പരപ്പിനും ആലടിക്കുമിടയിൽ പാറമടയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. മലയോര ഹൈവേയുടെ നിർമാണത്തിന് അശാസ്ത്രീയമായി മണ്ണെടുത്തതും സമയബന്ധിതമായി സംരക്ഷണ ഭിത്തിനിർമിക്കാത്തതുമാണ് മണ്ണിടിച്ചിൽ ഉണ്ടാകാൻ കാരണം.
ഞായറാഴ്ച ഉണ്ടായ കനത്ത മഴയും മണ്ണിടിച്ചിലിനു കാരണമായി. വലിയ പാറക്കഷണങ്ങൾ ഉൾപ്പെടെ വൻ തോതിൽ മണ്ണിടിഞ്ഞ് റോഡിൽ വീഴുകയായിരുന്നു. ഇവിടെ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ മാറിയതിനു തൊട്ടു പിന്നാലെയാണ് മണ്ണിടിച്ചിലുണ്ടായത്.