ജലസേചനം, ടൂറിസം ലക്ഷ്യമിട്ട് ജില്ലയ്ക്ക് 25 കോടി: മന്ത്രി റോഷി
1484165
Tuesday, December 3, 2024 8:13 AM IST
ഇടുക്കി: ജില്ലയിലെ വാഴത്തോപ്പ്, വാത്തിക്കുടി, നെടുങ്കണ്ടം, മരിയാപുരം പഞ്ചായത്തുകളിൽ ജലസേചന ആവശ്യത്തിനായും കൃഷി ഭൂമിയുടെ സംരക്ഷണത്തിനുമായി ചെക്ക് ഡാമും വിസിബിയും നിർമിക്കുന്നതിന് കിഫ്ബി വഴി 25 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
വാഴത്തോപ്പ് പഞ്ചായത്ത് രണ്ടാംവാർഡിൽ സെമിനാരിപ്പടിക്ക് സമീപം പാൽക്കുളംതോടിനു കുറുകേ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമിക്കുന്നതിന് 8.32 കോടിയാണ് അനുവദിച്ചിരിക്കുന്നത്. തടിയംപാടുനിന്നു മൃഗാശുപത്രിക്ക് സമീപത്തുകൂടി കടന്നുപോകുന്ന ഭൂമിയാൻകുളം റോഡിനും അശോക കവലയിൽനിന്നു മഞ്ഞപ്പാറ മുളകുവള്ളി വഴി മണിയാറൻകുടിക്കുള്ള റോഡും തമ്മിൽ സെമിനാരിപ്പടി ഭാഗത്ത് ബന്ധിപ്പിച്ചാണ് ചെക്ക് ഡാം കം ബ്രിഡ്ജ് നിർമിക്കുക.
ഇതോടെ സമീപത്തുള്ള കൃഷികൾക്ക് ജലസേചനം സാധ്യമാകുന്നതിനും തടിയംപാടുനിന്ന് ഗതാഗതത്തിനായി സുരക്ഷിതമായ പാലം കൂടി തുറന്നുനൽകാനും സാധിക്കും.
നെടുങ്കണ്ടം പഞ്ചായത്തിലെ 11-ാം വാർഡും വാത്തിക്കുടി പഞ്ചായത്തിലെ എട്ടാം വാർഡും തമ്മിൽ ബന്ധിപ്പിച്ച് മഠംപടി ഭാഗത്ത് ചിന്നാറിന് കുറുകേ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമാണത്തിന് 9.22 കോടിയും അനുവദിച്ചു. ജലസേചനത്തോടൊപ്പം ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുകയാണ് പദ്ധതി വഴി ലക്ഷ്യമിട്ടിരിക്കുന്നത്.
മരിയാപുരം പഞ്ചായത്തിലെ 11-ാം വാർഡിനെയും വാഴത്തോപ്പ് പഞ്ചായത്തിലെ 10-ാം വാർഡിനെയും തമ്മിൽ ബന്ധിപ്പിച്ച് പെരിയാർ നദിക്ക് കുറുകേ വെള്ളക്കയം ഭാഗത്ത് വിസിബി കം ക്രോസ് വേ നിർമിക്കുന്നതിനും അനുമതിയായി. പ്രളയത്തിൽ തകർന്ന വെള്ളക്കയം നടപ്പാലത്തിനു പകരം ചെറിയ വാഹനങ്ങൾ കടന്നുപോകുന്നതിന് സൗകര്യം ഒരുക്കുന്നതിനും ഇതിലൂടെ കഴിയും.
ചെറുതോണി-നേര്യമംഗലം റോഡിന് സമീപത്തുകൂടി പോകുന്ന വീതി കൂടിയ പുഴയായതിനാൽ ഇവിടെ ഏറെ ടൂറിസം സാധ്യതകളുമുണ്ട്. പഴയ ചെറുതോണി പാലത്തിനു സമീപം സംരക്ഷണഭിത്തി നിർമിക്കുന്നതും പദ്ധതിയിലുണ്ട്. ഇതിനായി 7.30 കോടി അനുവദിച്ചു. പുതുതായി നിർമിക്കുന്ന തടയണകൾ ജലസേചനത്തോടൊപ്പം ജില്ലയുടെ ടൂറിസം സാധ്യതകൾ കൂടെ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.