കലാനിലയത്തിന്റെ "രക്തരക്ഷസ്' വീണ്ടും തൊടുപുഴയിൽ
1484164
Tuesday, December 3, 2024 8:13 AM IST
തൊടുപുഴ: കലാനിലയത്തിന്റെ രക്തരക്ഷസ് വീണ്ടും തൊടുപുഴയിലെത്തുന്നു. അഞ്ചു മുതലാണ് രക്തരക്ഷസ് ചാപ്റ്റർ- ഒന്ന് കോലാനി-വെങ്ങല്ലൂർ ബൈപാസ് റോഡിലുള്ള പുളിമൂട്ടിൽ ഗ്രൗണ്ടിൽ അവതരിപ്പിക്കുന്നത്.
ഏരീസ് കലാനിലയം അവതരിപ്പിക്കുന്ന നാടകത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് എംഡി അനന്തപത്മനാഭൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ജനുവരി അഞ്ചുവരെ ദിവസവും വൈകുന്നേരം ആറിനും രാത്രി ഒന്‍പതിനുമാണ് പ്രദർശനങ്ങൾ. കേരളത്തിലെ പ്രധാന നാടകവേദിയായ കലാനിലയം സ്ഥിരം നാടകവേദിയെ മാസങ്ങൾക്ക് മുന്‍പാണ് സോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തത്.
പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയിലാണ് സംവിധായകൻ അനന്തപത്മനാഭൻ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്. മുൻ അവതരണങ്ങളെക്കാൾ കലാപരമായും സാങ്കേതികമായും മികച്ച അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും.
രക്തരക്ഷസ് ഇക്കുറി ചാപ്റ്റർ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. 150ലേറെ കലാകാരന്മാരും സാങ്കേതിക വിദഗ്ധരും നാടകത്തിന്റെ ഭാഗമാണ്. പൂർണമായി ശീതീകരിച്ച ഓഡിറ്റോറിയത്തിലാണ് പ്രദർശനം. 750, 500, 250 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഓണ്‍ലൈനായും കൗണ്ടറിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
അഞ്ചിന് വൈകുന്നേരം ആറിന് പി. ജെ. ജോസഫ് എംഎൽഎ പ്രദർശനം ഉദ്ഘാടനം ചെയ്യും. തൊടുപുഴ നഗരസഭാ ചെയർപേഴ്സണ്‍ സബീന ബിഞ്ചു മുഖ്യാതിഥിയാകും.
പത്രസമ്മേളനത്തിൽ ഏരീസ് കലാനിലയം ഡയറക്ടർ ബോർഡംഗം വിയാൻ മംഗലശേരിയും പങ്കെടുത്തു.