വില്ലേജ് ഓഫീസർമാർക്ക് "ക്ഷാമം’ സർട്ടിഫിക്കറ്റുകൾക്കും ; ജനം ദുരിതത്തിൽ
1484163
Tuesday, December 3, 2024 8:13 AM IST
കുമളി: വില്ലേജ് ഓഫീസർമാർക്ക് ഹൈറേഞ്ചിൽ കൊടിയ ക്ഷാമം. ജനത്തിന് വില്ലേജ് ഓഫീസുകളിൽനിന്നു ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്കും ഇതര സേവനങ്ങൾക്കും ക്ഷാമം.
പീരുമേട് താലൂക്കിലെ പെരിയാർ, മഞ്ചുമല, വാഗമണ്‍ വില്ലേജ് ഓഫീസുകളിലാണ് ആഴ്ചകളായി ഓഫീസർമാർ ഇല്ലാത്തത്. പകരം ചുമതലക്കാരനുമില്ല. ഓഫീസുകളിൽ അപേക്ഷകൾ കുമിഞ്ഞുകൂടുകയുമാണ്.
ബാങ്ക് വായ്പകൾക്കും കെഎസ്എഫ്ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നൽകുവാനും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വീട് വയ്ക്കുന്നതിനുമെല്ലാമുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അവധിയിലുള്ള ഓഫീസർമാർക്ക് പകരം മറ്റ് വില്ലേജുകളിലെ ഓഫീസർമാർക്ക് ചാർജ് കൊടുത്തിട്ടുണ്ടെങ്കിലും സ്വന്തം ഓഫീസ് ഡ്യൂട്ടി കഴിഞ്ഞിട്ട് ഇവർക്ക് പകരക്കാരന്റെ ജോലിചെയ്യാൻ സമയവുമില്ല.
ഓഫീസർമാർ ഇല്ലാത്ത വില്ലേജുകളിൽ മറ്റ് ജീവനക്കാരും തോന്നുന്പോഴാണ് എത്തുന്നതെന്ന് ജീവനക്കാരിൽ ചിലർ തന്നെ രഹസ്യമായി പറയുന്നു. വില്ലേജ് ഓഫീസുകൾക്കും ഓഫീസർമാർക്കും ഒൗദ്യോഗിക മൊബൈൽ, ലാൻഡ് ഫോണ്‍ കണക്ഷനുകൾ ഉണ്ടെങ്കിലും വിളിച്ചാൽ ഫോണ്‍ എടുക്കില്ല.
ഫീസടച്ച് ഓണ്‍ ലൈനിൽ അപേക്ഷ നൽകി സർട്ടിഫിക്കറ്റ് ശരിയായോ എന്ന് പരിശോധിക്കാൻ അക്ഷയ സെന്റർ ജീവനക്കാരും അപേക്ഷകരും ഓഫീസുകൾ കയറിയിറങ്ങുകയാണ്.
സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കാൻ ജില്ലാ കളക്ടർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനജീവിതത്തിൽ വളരെ പ്രാധാന്യമുള്ള വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം നിലച്ചിട്ടും മേലധികാരികൾക്കും അനക്കമില്ല.
ഇനി മേലധികാരികളും ക്ഷാമ ഗണത്തിലാണോ എന്ന ആശങ്കയിലാണ് ജനം. ആധുനിക സാങ്കേതിക വിദ്യ ഇത്രമേൽ വികസിച്ചിട്ടും ആധാർ സ്വന്തമായുള്ളവന്റെ ജീവിതാവസ്ഥ പോലും വില്ലേജിലെ അധികാരി സാക്ഷ്യപ്പെടുത്തണമിപ്പോഴും.