ഭിന്നശേഷി നിയമനം സംബന്ധിച്ച ഉത്തരവ് എയ്ഡഡ് വിദ്യാഭ്യാസമേഖലയെ തകർക്കും
1484162
Tuesday, December 3, 2024 8:13 AM IST
കരിമ്പൻ: പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വേണ്ടത്ര പഠനം നടത്താതെയുള്ളതും അപക്വവുമായ നടപടികളുടെ തുടർച്ചയാണ്. ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നു സമിതി ആവശ്യപ്പെട്ടു.
സുപ്രീം കോടതിയുടെ ഉത്തരവിൻപ്രകാരം 1996 മുതലുള്ള ബാക്ക് ലോഗ് കണക്കാക്കി ഭിന്നശേഷി നിയമനം നടത്തണമെന്ന നിർദേശത്തെ എയ്ഡഡ് മേഖല ഒന്നാകെ സ്വാഗതം ചെയ്തിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ ഓഫീസുകളുമായി ചേർന്നു വിവരശേഖരണം നടത്തുകയും ഒഴിവുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുകയും ചെയ്യുന്നുണ്ട്.
സർക്കാർ ഉത്തരവിൻ പ്രകാരം ഇങ്ങനെ കണ്ടെത്തുന്ന ഒഴിവുകളിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കുകയോ ഈ ഒഴിവുകൾ മാറ്റിവയ്ക്കുകയോ ചെയ്യണം. ഭിന്നശേഷിക്കാർക്കായി മാറ്റിവച്ച ഒഴിവുകളിൽ നിയമിച്ച ഭിന്നശേഷിക്കാരുടെ നിയമനങ്ങൾപോലും അംഗീകരിച്ചു കൊടുക്കുന്നതിനും കഴിഞ്ഞ മൂന്നു വർഷമായി സർക്കാർ തയാറാകുന്നില്ല.
കഴിഞ്ഞ മൂന്നു വർഷമായി ഒരു രൂപ പോലും ശമ്പളം ലഭിക്കാത്ത നിരവധി ജീവനക്കാർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വന്നിരിക്കുന്നത്.
ഇടുക്കി രൂപത കാര്യാലയത്തിൽ കൂടിയ ജാഗ്രതാ സമിതി യോഗം പുതിയ ഉത്തരവിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇടുക്കി രൂപത വികാരി ജനറാൾ മോൺ.ജോസ് കരിവേലിക്കൽ, ബിനോയി മഠത്തിൽ, ജോർജ് കോയിക്കൽ, എം.വി. ജോർജ്കുട്ടി, സിജോ ഇലന്തൂർ, ജിജി കൂട്ടുങ്കൽ, ഷീലാ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
സങ്കീർണതകൾ പരിഹരിക്കണം: കത്തോലിക്ക കോൺഗ്രസ്
കരിമ്പൻ: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 1996 മുതലുള്ള നിയമനങ്ങൾ കണക്കാക്കി ആനുപാതികമായി ഭിന്നശേഷി നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിലെ സങ്കീർണതകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നു കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവുപ്രകാരം 2021 മുതലുള്ള എല്ലാ നിയമങ്ങളും ദിവസ വേതന അടിസ്ഥാനത്തിൽ മാത്രം നടത്തേണ്ടിവരും.
2021 മുതലുള്ള എല്ലാ നിയമങ്ങളും ദിവസവേതന അടിസ്ഥാനത്തിലേക്ക് മാറ്റി നൽകണമെന്ന പുതിയ ഉത്തരവു മൂലം ഭാവിയിൽ പുതിയ നിയമനങ്ങൾ പാടില്ല എന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാം. രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോസഫ് പാലക്കുടിയിൽ, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ജോസഫ് ചാണ്ടി തേവർപറമ്പിൽ, ജോർജുകുട്ടി പുന്നക്കുഴിയിൽ, ജോസ് തോമസ് ഒഴുകയിൽ, സാബു കുന്നുംപുറം, ആദർശ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.