ബസപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്
1484161
Tuesday, December 3, 2024 8:13 AM IST
ഉപ്പുതറ: തേക്കടി-കൊച്ചി സംസ്ഥാന പാതയിൽ മത്സരയോട്ടത്തിനിടെ നിയന്ത്രണംവിട്ട സ്വകാര്യബസ് കാനയിലേക്ക് ചെരിഞ്ഞ് അഞ്ചു യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കേറ്റു.
മാമരത്തുംമൊട്ട അറപ്പുരക്കൽ സുഗന്ധമ്മ (64), വളകോട് വരവുകാലായിൽ അനു മോഹനൻ ( 52,) മോനിഷ (25) , ഒമേഗാപ്പടി ചക്കാറയിൽ ശോഭന (56), ഈറ്റക്കാനം കുറ്റിയാമാക്കൽ തങ്കമ്മ (70), ബസ് ഡ്രൈവർ കോഴിമല പിരിവിക്കൽ അർജുൻ (28) എന്നിവർക്കാണ് പരിക്കേറ്റത്.
വളകോടിനും ഉപ്പുതറക്കുമിടയിൽ മാട്ടുതാവളം പുളിക്കപ്പടിയിൽ താങ്കളാഴ്ച രാവിലെ 11നാണ് അപകടം. വളകോട്ടിൽനിന്ന് ഉപ്പുതറയിലേക്ക് വരികയായിരുന്ന ജയ് ഗുരു ബസാണ് അപകടത്തിൽപ്പെട്ടത്. ഈരാറ്റുപേട്ടയിൽ നിന്ന് കട്ടപ്പനയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി യുമായി മത്സരിച്ച് ഓടുന്നതിനിടെയായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന ബസ് വളവിൽ നിയന്ത്രണം നഷ്ടമായി കാനയിലേക്ക് ചെരിയുകയായിരുന്നു.
കലുങ്കിന് സമീപമുള്ള മൺ തിട്ടയിൽ ഇടിച്ചാണ് ബസ് നിന്നത്. കുത്തനെയുള്ള ഇറക്കത്തിനു ശേഷമുള്ള ഈ വളവിൽ മുൻപും അപകടം ഉണ്ടായിട്ടുണ്ട്. ഈ റൂട്ടിൽ കെഎസ് ആർ ടി സി യും സ്വകാര്യബസും തമ്മിലുള്ള മത്സരയോട്ടവും പതിവാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല.