കമ്പംമെട്ട്-വണ്ണപ്പുറം റോഡ് വീണ്ടും വിണ്ടുകീറി
1484156
Tuesday, December 3, 2024 8:13 AM IST
നെടുങ്കണ്ടം: ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിഞ്ഞതായി ആക്ഷേപം ഉയര്‍ന്ന കമ്പംമെട്ട്-വണ്ണപ്പുറം റോഡ് വീണ്ടും വിവാദത്തില്‍. കമ്പംമെട്ട്-വണ്ണപ്പുറം പാതയുടെ ആദ്യ റീച്ച് നിര്‍മാണത്തിലാണ് വിവാദം തുടരുന്നത്. ടാറിംഗ് പൂര്‍ത്തിയായ റോഡില്‍ വിള്ളലുകള്‍ വീണതാണ് പുതിയ വിവാദം. മുണ്ടിയെരുമയ്ക്കു സമീപം നിരവധി ഭാഗങ്ങളില്‍ റോഡ് വിണ്ടുകീറിയ അവസ്ഥയിലാണ്.
ഭാരവാഹനങ്ങള്കടന്നുപോകുന്നതോടെ റോഡ് കൂടുതല്‍ നശിക്കും. റോഡിന്റെ വശങ്ങളിലെ കോണ്‍ക്രീറ്റിംഗിലും അപാകത ഉണ്ടെന്നാണ് ആരോപണം. അതോടൊപ്പം തൂക്കുപാലം ടൗണില്‍ അശാസ്ത്രിയമായി റോഡ് ഉയര്‍ത്തിയത് സംബന്ധിച്ചും ആക്ഷേപമുണ്ട്. മഴക്കാലത്ത് ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുന്ന രീതിയിലാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. വന്‍ കട്ടിംഗും രൂപപ്പെട്ടിട്ടുണ്ട്.
മുമ്പ് മുണ്ടിയെരുമയില്‍ ടാറിംഗ് നടത്തിയ ഉടനെ റോഡ് പൊളിഞ്ഞതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ടാറിംഗ് ഉറയ്ക്കാന്‍ 72 മണിക്കൂര്‍ സമയം വേണമെന്നായിരുന്നു കരാര്‍ കമ്പനിയുടെ വിശദീകരണം. ഉറയ്ക്കുന്നതിന് മുമ്പ് റോഡ് പൊളിച്ചെന്ന് ആരോപിച്ച് നാട്ടുകാരായ 12 പേര്‍ക്കെതിരേ കേസ് എടുത്തിരുന്നു. എട്ട് ലക്ഷം രൂപയാണ് ഇവര്‍ പിഴയടയ്ക്കേണ്ടത്. എന്നാല്‍ അന്ന് റോഡ് പൊളിഞ്ഞതിന് സമീപഭാഗങ്ങളില്‍ റോഡ് ഇളകിത്തുടങ്ങി.