ഉദ്യോഗസ്ഥരുടെ അഭാവം; മസ്റ്ററിംഗ് നടത്താനാകാതെ തേയില കർഷകർ
1483717
Monday, December 2, 2024 4:11 AM IST
കട്ടപ്പന: ടീ ബോർഡിൽനിന്നുള്ള ആനുകൂല്യങ്ങൾക്ക് കർഷകർ ബോർഡിൽ മസ്റ്ററിംഗ് നടത്തണമെന്ന നിബന്ധന ഉണ്ടായതോടെ കർഷകർ പ്രതിസന്ധിയിലായി. മസ്റ്ററിംഗിനായി ടീ ബോർഡ് ഓഫീസിലെത്തുന്നവർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ അതിനു കഴിയുന്നില്ല.
ദേവികുളം, ആനച്ചാൽ, ബൈസണ്‍വാലി, അറക്കുളം, തങ്കമണി, മാങ്കുളം, കാൽവരിമൗണ്ട്, വാഗമണ്‍, ഉപ്പുതറ, വളകോട്, വാഴവര, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലുള്ള തേയിലക്കർഷകർ ഇതിനായി ഓഫീസിലെത്തുന്പോൾ ഉദ്യോഗസ്ഥരില്ലാത്തതിനാൽ നിരാശരായി മടങ്ങുകയാണ്. ജില്ലയില 25,000 കർഷകരുടെ ജീവൽ പ്രശ്നമായിട്ടും അധികൃതർ അലംഭാവം തുടരുകയാണ്.
കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകേണ്ട സമയ പരിധി അവസാനിക്കാറായിട്ടും മസ്റ്ററിംഗ് നടത്താൻ കർഷകർക്കായിട്ടില്ല.ആനുകൂല്യങ്ങൾ ചെറുകിട കർഷകർക്ക് ലഭിക്കാതിരിക്കാനുള്ള ടീ ബോർഡിന്റെ തന്ത്രമാണ് ഇതിനു പിന്നിലെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ ആരോപിച്ചു.
ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള ബോർഡിന്റെ നടപടി എതിർക്കുമെന്ന് ഫെഡറേഷൻ ചെയർമാൻ വൈ.സി. സ്റ്റീഫൻ മുന്നറിയിപ്പു നൽകി.