അധികാരത്തർക്കം വിനയായി; വാഹനമിടിച്ച് പരിക്കേറ്റ കേഴമാൻ ചത്തു
1483716
Monday, December 2, 2024 4:11 AM IST
കുമളി: വണ്ടിപ്പെരിയാർ -വള്ളക്കടവ് റോഡിൽ വാഹനമിടിച്ച് പരിക്കേറ്റ കേഴമാൻ മണിക്കൂറുകൾ റോഡിൽ കിടന്നു ചത്തു. മാൻ അപകടത്തിൽപ്പെട്ട സ്ഥലം സംബന്ധിച്ച് വന്യജീവി സംരക്ഷകരുടെ അധികാരത്തർക്കമാണ് മാനിന്റെ ജീവൻ കവർന്നത്.
സംഭവസ്ഥലത്തുനിന്ന് വള്ളക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ഒരു കിലോമീറ്റർ മാത്രമാണ് ദൂരമുള്ളത്. ഈ ഓഫീസിൽനിന്നു വാഹനത്തിൽ 10 മിനിറ്റിനുള്ളിൽ ഇവിടെയെത്താം. പക്ഷേ ഇവരുടെ അധികാരപരിധിക്കു പുറത്താണ് അപകടം നടന്നതെന്നായിരുന്നു വാദം.
രണ്ട് മണിക്കൂർ ജീവനുവേണ്ടി കേണ മാനിന് അതുവഴി വന്ന സ്കൂൾ കുട്ടികൾ അവരുടെ ചോറ്റു പാത്രത്തിൽ വെള്ളം നല്കി കാവൽ നിന്നു.
കിലോമീറ്റർ അകലെ മുറിഞ്ഞപുഴയിൽനിന്ന് വനപാലകരെത്തി മാനിനെ കൊണ്ടുപോകുന്നതുവരെ കുട്ടികൾ കാത്തുനിന്നെങ്കിലും മാനിന്റെ ജീവൻ രക്ഷിക്കാനായില്ല.