ദൈവവചനം രക്ഷയിലേക്കുള്ള ഏകമാർഗം: ബിഷപ് മാർ മുരിക്കൻ
1483712
Monday, December 2, 2024 4:11 AM IST
മുട്ടം: ദൈവവചനം രക്ഷയിലേക്കുള്ള ഏകമാർഗമാണെന്നു സമർഥിക്കാൻ വചനത്തിന് സാധിക്കുമെന്നും വചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മാർഗമാണ് ബൈബിൾ കൈയെഴുത്തെന്നും മാർ ജേക്കബ് മുരിക്കൻ. സിബിഗിരി ഇടവകയുടെ നേതൃത്വത്തിൽ നടന്ന ബൈബിൾ കൈയെഴുത്തുപ്രതി വിശ്വാസപ്രഘോഷണ റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വചനം ആഴത്തിൽ പഠിക്കുന്നതിനായി ഇടവകയിലെ 125 കുടുംബങ്ങൾ 120 ദിവസങ്ങൾക്കൊണ്ട് തയാറാക്കിയ 125 ബൈബിളുകൾ വിശ്വാസികളേവർക്കും ലോകത്തിനുതന്നെയും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടവകയിലെ ആയിരങ്ങൾ അണിനിരന്ന കൈയെഴുത്ത് ബൈബിൾ വിശ്വാസപ്രഘോഷണ റാലി - ബിബ്ലിയ 2K24 മുട്ടം-സിബിഗിരി സെന്റ്് സെബാസ്റ്റ്യൻസ് പള്ളിയിൽനിന്ന് മുട്ടം ടൗൺ മർത്ത്മറിയം പള്ളിയിലേക്ക് നടന്നു .
രാവിലെ 8.30ന് ആരംഭിച്ച വിശ്വാസ പ്രഘോഷണറാലി 9.30ന് മുട്ടം ടൗൺ പള്ളിയിൽ എത്തിച്ചേരുകയും മുഖ്യാതിഥിയായ ബിഷപ് മാർ ജേക്കബ് മുരിക്കൻ റാലിയെ അഭിവാദനം ചെയ്യുകയും ബൈബിൾ എഴുതിത്തയാറാക്കി കൊണ്ടുവന്നവരെ ആശീർവദിച്ച് ബൈബിളുകൾ സ്വീകരിക്കുകയും ചെയ്തു. ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പൊതുസമ്മേളനവും നടന്നു. വികാരി ഫാ. ജോൺ പാളിത്തോട്ടം അധ്യക്ഷത വഹിച്ചു.
സഹവികാരി ഫാ. ജോൺസൺ പാക്കരമ്പേൽ, കുടുംബ കൂട്ടായ്മ രൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ, ജിമ്മി മ്ലാക്കുഴി, എഡ്വിൻ പാമ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.