ഇലപ്പള്ളി-ചെളിക്കൽ-കുന്പങ്ങാനം റോഡ് നിർമാണം എങ്ങുമെത്തിയില്ല
1483708
Monday, December 2, 2024 4:11 AM IST
മൂലമറ്റം: ഇലപ്പള്ളി-ചെളിക്കൽ-കുന്പങ്ങാനം റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതുമൂലം നൂറുകണക്കിനു യാത്രക്കാർ വലയുന്നു. മൂലമറ്റം-വാഗമണ്‍ റോഡും കാഞ്ഞാർ-പുള്ളിക്കാനം റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്.
റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് നേരത്തേ ഏഴുകോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് വീണ്ടും തുക വർധിപ്പിച്ചുനൽകി. ഇതിനിടെ റോഡ് നിർമാണം ആരംഭിച്ചെങ്കിലും ഒച്ചിഴയും വേഗത്തിൽ ജോലികൾ നടക്കുന്നതിനാൽ എങ്ങുമെത്താത്ത സ്ഥിതിയാണ്.
റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി നിലവിലുണ്ടായിരുന്ന നടപ്പുവഴി അടയ്ക്കുകയും സംരക്ഷണഭിത്തി നിർമിക്കുന്നതിന് മണ്ണ് നീക്കുകയും ചെയ്തിരുന്നു. പിന്നീട് ജോലികൾ മന്ദഗതിയിലായി. മഴ പെയ്തതോടെ മണ്ണിടിഞ്ഞ് കോണ്‍ക്രീറ്റിംഗ് നടത്താൻ പറ്റാത്ത സ്ഥിതിയിലുമായി.
നിലവിലുണ്ടായിരുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി മെറ്റൽ വിരിച്ചെങ്കിലും മഴവെള്ളം ഒഴുകി ഇതും നശിച്ചു. ഇതോടെ വിദ്യാർഥികളടക്കമുള്ള നൂറുകണക്കിനു യാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്.
വെള്ളം ഒഴുകി റോഡ് തകർന്നതോടെ നിർമാണം പൂർത്തീകരിക്കണമെങ്കിൽ ഇനിയും കൂടുതൽ തുക ആവശ്യമായി വരും. റോഡിനു സംരക്ഷണ ഭിത്തി നിർമിച്ചെങ്കിലും മണ്ണിട്ട് നികത്താത്തതിനാൽ വാഹനങ്ങൾക്കടക്കം സഞ്ചരിക്കാനാവില്ല.
റോഡ് പൂർത്തീകരിക്കണമെങ്കിൽഇനിയും കോടിക്കണക്കിനു രൂപ ചെലവഴിക്കേണ്ട സാഹചര്യമാണ്. എത്രയും വേഗം നിർമാണം പൂർത്തീകരിച്ച റോഡ് തുറന്നുനൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.