ജാതി അധിക്ഷേപവും പിരിച്ചുവിടലും; കായികതാരത്തിന് ഇരട്ടപ്രഹരം
1483456
Sunday, December 1, 2024 3:52 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ കെയര്‍ ടേക്കറായ അന്തര്‍ദേശീയ കായികതാരത്തെ കായിക അധ്യാപകര്‍ ജാതി അധിക്ഷേപം നടത്തിയതായി പരാതി. പരാതിക്കാരനെ പഞ്ചായത്തു ഭരണസമിതി ജോലിയിൽനിന്നു നീക്കി. കെയർ ടേക്കറെ മാറ്റിയതിൽ പഞ്ചായത്ത് ഭരണസമിതിയിൽ അഭിപ്രായ ഭിന്നതയും ഉടലെടുത്തിരിക്കുകയാണ്.
ജൂഡോ, സാബോ കായിക ഇനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള കരിങ്കുന്നം സ്വദേശിയായ അഭിജിത്ത് എം. മഹേഷിനാണ് ഇരട്ട പ്രഹരം ഏൽക്കേണ്ടി വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് അഭിജിത്ത് കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്കി. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനും പരിശീലനം നല്‍കുന്നതിനും പഞ്ചായത്ത് നിശ്ചിത ഫീസ് നിര്‍ദേശിച്ചിട്ടുണ്ട്.
മേഖലയിലെ രണ്ട് സര്‍ക്കാര്‍ സ്കൂളുകളിലെ കായിക അധ്യാപകനും അധ്യാപികയും പരിശീലനത്തിന് എത്തുന്നുണ്ടായിരുന്നു. ഇതില്‍ കായിക അധ്യാപകന് ഫീസ് അടയ്ക്കാന്‍ തയാറായിരുന്നില്ല. സൗജന്യ പരിപാടി പതിവായതോടെ സ്റ്റേഡിയത്തിന്റെ കെയര്‍ ടേക്കറായ അഭിജിത് ഇത് ചോദ്യം ചെയ്തതിൽ ക്ഷുഭിതനായ അധ്യാപകൻ അഭിജിത്തിനോട് മോശമായി പെരുമാറുകയും ജാതി അധിക്ഷേപം നടത്തുകയുമായിരുന്നു.
സംഭവം വിവാദമായതോടെ പഞ്ചായത്തു കമ്മിറ്റിയിലെ ഒരു വിഭാഗം കായികാധ്യാപകരുടെ പക്ഷം ചേര്‍ന്ന് അഭിജിത്തിനെ ജോലിയില്‍നിന്നു പുറത്താക്കുകയും ചെയ്തു. പഞ്ചായത്തു കമ്മിറ്റിയിലെ ഒരു വിഭാഗം അംഗങ്ങളും കായിക സംഘടനകളും അഭിജിത്തിനൊപ്പമാണ്. സംഭവത്തില്‍ വിവിധ ദളിത് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഈ അധ്യാപകന് തുടര്‍ച്ചയായി ഇത്തരം ജാതി അധിക്ഷേപം നടത്തുന്നയാളാണെന്നും ഇതിനെതിരേ വകുപ്പ് മന്ത്രിക്കടക്കം പരാതി നല്‍കുമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.