ബൈബിൾ കൈയെഴുത്ത് മഹാറാലി ഇന്ന് മുട്ടത്ത്
1483453
Sunday, December 1, 2024 3:52 AM IST
മുട്ടം: സിബിഗിരി ഇടവകയിലെ 125 കുടുംബങ്ങൾ 120 ദിവസംകൊണ്ട് എഴുതിത്തീർത്ത 125 കൈയെഴുത്ത് ബൈബിളുകളുമായി ഇടവകയിലെ ആയിരങ്ങൾ ആണിനിരക്കുന്ന കൈയെഴുത്ത് ബൈബിൾ വിശ്വാസപ്രഘോഷണ റാലി - ബിബ്ലിയ 2K24 സിബിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽനിന്ന് മുട്ടം ടൗൺ മർത്ത്മറിയം പള്ളിയിലേക്ക് നടക്കും.
ഇടവകയിലെ വിശ്വാസസമൂഹം വചനം ആഴത്തിൽ പഠിക്കുന്നതിനും അതുവഴി വിശ്വാസത്തിൽ ആഴപ്പെടുന്നതിനും വചനാനുസൃതമായി ജീവിതം നയിക്കുന്നതിനും പ്രേരകശക്തിയാകാൻ വേണ്ടിയാണ് ബൈബിൾ കൈയെഴുത്തുപ്രതി തയാറാക്കിയത്.
ഇടവകയിലെ കുട്ടികളും മുതിർന്നവരും യുവജനങ്ങളുമെല്ലാം യജ്ഞത്തിൽ പങ്കുകാരായി.
ഇന്നു രാവിലെ എട്ടിന് ആരംഭിക്കുന്ന വിശ്വാസപ്രഘോഷണറാലി ഒന്പതിന് മുട്ടം ടൗൺ പള്ളിയിൽ എത്തുമ്പോൾ മുഖ്യാഥിതിയായ ബിഷപ് മാർ ജേക്കബ് മുരിക്കൻ റാലിയെ അഭിവാദനം ചെയ്യും.
ബിഷപിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പൊതുസമ്മേളനവും ഉണ്ടായിരിക്കും. സമ്മേളനത്തിൽ വികാരി ഫാ. ജോൺ പാളിത്തോട്ടം അധ്യക്ഷത വഹിക്കും.
സഹവികാരി ഫാ. ജോൺസൺ പാക്കരമ്പേൽ, കുടുംബ ക്കൂട്ടായ്മ രൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ പയ്യാനി മണ്ഡപത്തിൽ, ജിമ്മി മ്ലാക്കുഴി, തോമസ് ഊന്നുപാലത്തുങ്കൽ, ബെന്നി നീണ്ടൂർ, എഡ്വിൻ പാമ്പാറ തുടങ്ങിയവർ നേതൃത്വം നൽകും.