സ്നേഹവും സമർപ്പണവും കുടുംബങ്ങളുടെ നട്ടെല്ല്: മാർ നെല്ലിക്കുന്നേൽ
1483451
Sunday, December 1, 2024 3:52 AM IST
ഇടുക്കി: സ്നേഹവും സമർപ്പണവുമാണ് കുടുംബങ്ങളുടെ നട്ടെല്ലെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ. രൂപതയിൽ ജൂബിലി ആഘോഷിക്കുന്നവരുടെ മഹാസംഗമം വാഴത്തോപ്പിൽ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവാഹ സന്യാസ പൗരോഹിത്യ ജീവിതങ്ങളിൽ 25,50 വർഷങ്ങൾ പൂർത്തിയാക്കുന്നവരെ സംഗമത്തിൽ ആദരിച്ചു.
കുടിയേറ്റ നാളുകളിൽ കഷ്ടതകൾ അനുഭവിച്ച് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചവരാണ് ഇന്ന് ജൂബിലി ആഘോഷിക്കുന്നത്. അവരുടെ പരസ്പരമുള്ള സ്നേഹവും ത്യാഗപൂർണമായ സമർപ്പണവുമാണ് കുടുംബങ്ങളെ കരുത്തോടെ മുന്നോട്ട് നയിക്കാൻ അവരെ സഹായിച്ചത്. ദൈവവിശ്വാസത്തിൽ ആഴപ്പെട്ട് തങ്ങളുടെ പരിശ്രമങ്ങളെ അവയോട് ചേർത്തുവച്ചപ്പോൾ ജീവിതത്തിന്റെ നാൾവഴികളിൽ അവർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനായി.
നല്ല കുടുംബങ്ങളിൽനിന്നുമാണ് നല്ല ദൈവവിളികൾ രൂപപ്പെടുന്നത്. അർപ്പണബോധമുള്ള ശുശ്രൂഷകൾ വഴി ദൈവജനത്തെ സേവിച്ചവരാണ് സമർപ്പിതരും പുരോഹിതരും. ജൂബിലി ആഘോഷം അവരുടെ സമർപ്പണത്തിനുള്ള ആദരവാണ് എന്നും അദ്ദേഹം പറഞ്ഞു.
ജൂബിലി ആഘോഷിക്കുന്ന 200ലധികം ദമ്പതിമാരും അമ്പതോളം സന്യസ്തരും വൈദികരും സംഗമത്തിൽ പങ്കെടുത്തു. മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ജൂബിലി ആഘോഷിക്കുന്നവർ കാഴ്ച സമർപ്പണം നടത്തി. തുടർന്ന് പാരീഷ്ഹാളിൽ ചേർന്ന യോഗത്തിൽ അവരെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
രൂപതയിലെ വിധവകളുടെ സാമൂഹിക ക്ഷേമ പ്രവർത്തന കേന്ദ്രമായ വിധവാ ശക്തീ കരണ വികസന സൊസൈറ്റിയുടെ നേതൃത്വത്തിൽ എല്ലാ ഇൻഷ്വറൻസ് സംവിധാനങ്ങളും ഒരു കുടക്കീഴിൽ ആക്കുന്ന ഇൻഷ്വറൻസ് ഹബ്ബിന്റെ ഉദ്ഘാടനവും നിർവഹിക്കപ്പെട്ടു.
മോൺ. ജോസ് പ്ലാച്ചിക്കൽ, ഫാ. ജോൺ ചേനംചിറയിൽ, ഫാ. വർഗീസ് മറ്റം, ഫാ. മാത്യു അഴകനാക്കുന്നേൽ, ഫാ. ജോസഫ് കൊല്ലകൊമ്പിൽ, ഫാ. ജോസഫ് കാരിക്കൂട്ടത്തിൽ, ഫാ. ഫിലിപ്പ് ഐക്കര, ഫാ. അമൽ താണോലിൽ, സിസ്റ്റർ സോഫിയ സിഎംസി, സിസ്റ്റർ നിത്യ സിഎംസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.