ആട്ടം പഠിപ്പിക്കാൻ മറയൂർ ഊരുകൂട്ടം
1483449
Sunday, December 1, 2024 3:52 AM IST
കഞ്ഞിക്കുഴി: ഗോത്ര കലാരൂപമായ മലപ്പുലയ ആട്ടം കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയപ്പോൾ കുമാരമംഗലം എൻകെഎൻഎം സ്കൂളിലെ കുട്ടികൾക്കും പങ്കെടുക്കണമെന്ന് ആഗ്രഹം. പരന്പരാഗത ആദിവാസി കലാരൂപമായതിനാൽ ഇതെങ്ങനെ പഠിക്കും എന്ന അന്വേഷണം ചെന്നെത്തിയത് മറയൂരിലെ കുമ്മിട്ടാംകുഴി ഊരിലാണ്.
തലമുറകളായി മലപ്പുലയ ആട്ടം അഭ്യസിക്കുന്ന ഹിൽ പുലയ വിഭാഗത്തിൽപ്പെട്ട കൃഷ്ണ കുമാർ, ഉദയ വേൽ, പ്രശാന്ത് രാജ ഗോപാൽ എന്നിവരെ കണ്ടെത്തി പരിശീലകരാക്കി. ഇതിന് കുട്ടികളെ അണിയിച്ചൊരുക്കാനായി ഊരിൽ നിന്നുള്ള വാണിശ്രീ ജയകുമാർ, സരോജ രാജ ഗോപാൽ എന്നിവരുമെത്തിയിരുന്നു.
മത്സരഫലം വന്നപ്പോൾ തങ്ങൾ പഠിപ്പിച്ച കുട്ടികൾക്ക് ഒന്നാം സമ്മാനം കിട്ടിയപ്പോൾ പറഞ്ഞറിയിക്കാനാത്ത സന്തോഷമായെന്ന് പരിശീലകർ പറഞ്ഞു.