കടുവ, കരടി, കാട്ടുപോത്ത്; പിന്നെ കുറുവ സംഘവും : ജനം ഭീതിയിൽ : സ്ഥലത്ത് സംഘർഷം
1483177
Saturday, November 30, 2024 3:54 AM IST
കുമളിയിൽ പുലി ആടുകളെ കൊന്നു
കുമളി: കുറുവ സംഘം, കടുവ, കാട്ടുപോത്ത്, പുലി, കരടി എന്നുവേണ്ട കുമളിയിൽ ജനം നേരിടേണ്ടത് ഇപ്പോൾ വിവിധ "സംഘങ്ങളെയാണ്. ജീവൻ കൈയിൽപ്പിടിച്ച് വേണം ഉറങ്ങാനും പുറത്തിറങ്ങി നടക്കാനും. ഒരു വശത്ത് കുറുവാസംഘ ഭീഷണി. മറുവശത്ത് വന്യജീവി ഭീഷണി.
കുമളിക്ക് സമീപം എകെജി പടിയിൽ ഇന്നലെ രാത്രി പുലി രണ്ട് ആടുകളെ കൊന്നു.
ഒന്നിനെ മൃതപ്രായമാക്കി. പുളിക്കൽ ജേക്കബിന്റെ വീടിനു പിൻവശത്തുള്ള ആട്ടിൻ കൂട്ടിൽ കയറിയ പുലിയാണ് രണ്ട് ആടുകളെ കൊന്നുതിന്നത്. കൂടിനുള്ളിൽ ഗുരുതരാവസ്ഥയിൽ ഒരു ആടിനെ കണ്ടെത്തി. സംഭവമറിഞ്ഞ് എത്തിയ വനപാലകർ രണ്ട് ക്യാമറകൾ ആടിന്റെ ജഡം കിടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു. പുലിയുടെ കാൽപ്പാടുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
വെറ്ററിനറി ഡോക്ടറെത്തി ആടുകളുടെ ജഡം പോസ്റ്റുമോർട്ടം നടത്തി. പുലിയാണ് ആടുകളെ അക്രമിച്ചതെന്നാണ് ഡോക്ടറുടെയും നിഗമനം. ഇന്നലെ രാത്രി ആടുകളുടെ കരച്ചിൽ കേട്ട് ജേക്കബ് പുറത്തിറങ്ങി ബഹളം വച്ചതോടെ പുലി ഓടി മറഞ്ഞു.
ചത്ത ആടുകളെത്തേടി പുലി വീണ്ടും എത്താനുള്ള സാഹചര്യം കണക്കിലെടുത്താണ് കാമറ സ്ഥാപിച്ചത്. ജേക്കബിന്റെ സമീപവാസിയുടെ പൂച്ചയെ പുലി പിടിക്കുകയും വീടിന്റെ സിറ്റൗട്ടിൽ ഇട്ടിരുന്ന കസേരയുടെ പ്ളാസ്റ്റിക് മാന്തി നശിപ്പിച്ചിട്ടുമുണ്ട്.
സംഭവത്തേതുടർന്ന് നാട്ടുകാർ സംഘടിച്ചത് സംഘർഷത്തിനിടയാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നാലാംമൈൽ ഭാഗത്ത് കടുവയെ നാട്ടുകാർ പല പ്രാവശ്യം കണ്ടിരുന്നു. കുമളി അട്ടപ്പള്ളത്ത് മണ്ടാട്ട്താഴങ്ങ് ചാക്കോയുടെ വീടിന് പിന്നിൽ വിറക് കീറിക്കൊണ്ടിരുന്ന തൊഴിലാളിയുടെ മുന്നിലും പുലിയെത്തിയിരുന്നു.
അട്ടപ്പള്ളം, ഒട്ടകത്തല മേഖലയിൽ കരടിയുടെ സാന്നിധ്യവും സ്ഥിരമാണ്. അട്ടപ്പള്ളത്ത് കടുന്തോട്ട് മാമച്ചനെ കരടി ആക്രമിച്ച് ശയ്യാവലംബമാക്കിയത് ഏതാനും വർഷം മുൻപാണ്. സ്പ്രിംഗ് വാലിയിൽ കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച യുവാവിനെ കാട്ടുപോത്ത് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.
ചെളിമടയ്ക്ക് സമീപം കാപ്പിത്തോട്ടത്തിലും ഏലത്തോട്ടങ്ങളിലും നൂറോളം കാട്ടുപോത്തുകൾ താവളമാക്കിയിട്ടുണ്ട്. പീരുമേട്, കുമളി, 63 -ാം മൈൽ പ്രദേശങ്ങളിൽ ആനയും കരടിയും കടുവയും കാട്ടുപോത്തും പുലിയുമൊക്കെ വിലസുകയാണ്.
കുറുവാസംഘവും ജനങ്ങളെ ഭീതിപ്പെടുത്തുന്നുണ്ട്. രാത്രിയായാൽ ജനങ്ങൾ വീടിനു പുറത്തിറങ്ങാൻ ഭയക്കുകയാണ്. ആനവിലാസത്ത് ഇന്നലെ സംശയകരമായികണ്ട രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്.