ഫാ. മാത്യു കുന്നത്ത് പൗരോഹിത്യ വജ്രജൂബിലി നിറവിൽ
1483173
Saturday, November 30, 2024 3:48 AM IST
തൊടുപുഴ: സേവ്യേഴ്സ് ഹോം ഡയറക്ടർ ഫാ. മാത്യു ജെ.കുന്നത്ത് പൗരോഹിത്യ സ്വീകരണത്തിന്റെ വജ്രജൂബിലി നിറവിൽ. കുന്നത്ത് ജോണ്‍-മറിയം ദന്പതികളുടെ മകനായി 1938 ജൂണ്‍ 28നായിരുന്നു ജനനം. വൈദിക സേവനത്തിനിടെ നടത്തിയ അമേരിക്കൻ യാത്രയിൽ മദർ തെരേസയെ കണ്ടുമുട്ടാൻ ഇടയായതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ഇദ്ദേഹം പറയുന്നു.
ലോകത്തെ ആദ്യ മദർ തെരേസാ പ്രതിഷ്ഠ സേവ്യേഴ്സ് ഹോമിലാണ് നടത്തിയത്. മദർ തെരേസയിൽനിന്നും ഉൾക്കൊണ്ട പ്രചോദനമാണ് മാനസിക രോഗികളും ആലംബഹീനരുമായവരെ ശുശ്രൂഷിക്കുന്നതിനായി ഭവനം ഒരുക്കാൻ അച്ചനെ പ്രേരിപ്പിച്ചത്. കുടുംബ ഓഹരി വിറ്റുകിട്ടിയ പണം കൊണ്ട് വാങ്ങിയ ഭൂമിയിലാണ് ആകാശപ്പറവകളായ മക്കളുടെ സേവനത്തിനായി സേവ്യേഴ്സ് ഹോം തൊടുപുഴയിൽ ആരംഭിച്ചത്.
ഇതിനു പുറമേ തലയനാട് സേവ്യേഴ്സ് കെയർ ഹോമും പ്രവർത്തിക്കുന്നുണ്ട്. അച്ചന്റെ പൗരോഹിത്യ വജ്ര ജൂബിലി ആഘോഷം ഇന്നു രാവിലെ 10.30നു കൃതജ്ഞതാ ബലിയോടെ നടത്തും. തുടർന്നുള്ള യോഗത്തിൽ അച്ചനെ അനുമോദിക്കും.