ഉപ്പുതറ :കോടതി ഉത്തരവുണ്ടായിട്ടും കർഷകർ വഞ്ചിക്കപ്പെടുന്നു
1483167
Saturday, November 30, 2024 3:48 AM IST
ഉപ്പുതറ: കോടതി ഉത്തരവുണ്ടായിട്ടും രാജമാണിക്യം റിപ്പോർട്ടിന്റെ പേരിൽ ഉപ്പുതറയിലെ പട്ടയ ഉടമകളായ കർഷകർക്കും വ്യാപാരികൾക്കും വീണ്ടും ദുരിതം. ഉപ്പുതറ വില്ലേജിലെ ആറു സർവേ നമ്പറിലെ നൂറു കണക്കിന് ചെറുകിട കർഷകരും വ്യാപാരികളുമാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
പീരുമേട് ടീ കമ്പനിയുടെ തോട്ടം ഭൂമി തരംമാറ്റിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടയ ഉടമകളുടെ കരം സ്വീകരിക്കുന്നത് 2016 ഓഗസ്റ്റ് എട്ടിന് സർക്കാർ നിർത്തിവച്ചത്. പിന്നീട് ഉപാധികളോടെ കരം സ്വീകരിക്കാൻ സർക്കാർ ഉത്തരവായി. എന്നാൽ, നിയമപരമായ ഒരാവശ്യത്തിനും കരം കെട്ടിയ രസീത് കർഷകർക്ക് പ്രയോജനപ്പെടുന്നതായിരുന്നില്ല.
അതിനിടെ ഉപ്പുതറ വില്ലേജിലെ ചെറുകിട കർഷകരുടെ ഭൂമി രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെട്ടതല്ലെന്ന് കളക്ടറും സർക്കാർ നിയോഗിച്ച സ്പെഷൽ ഓഫീസറും മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി.
എന്നിട്ടും ഉപാധി പിൻവലിച്ച് കരം സ്വീകരിക്കുന്നത് അടക്കമുള്ള നടപടികൾക്ക് റവന്യൂ വകുപ്പ് തയാറായില്ല. അതിനിടെ കമ്പനികളും സ്വകാര്യവ്യക്തികളും ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി കേരള ലാൻഡ് കൺസർവൻസി ആക്ട് കർഷകരുടെ ഭൂമിക്ക് ബാധകമല്ലെന്ന് ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎൽസി ആക്ട് അനുസരിച്ചുള്ള എല്ലാ കേസുകളും സർക്കാർ റദു ചെയ്യുകയും സ്പെഷൽ ഓഫീസറുടെ വിലക്കുകൾ ഒഴിവാക്കുകയും ചെയ്തു.
2018 ൽ ഉത്തരവുണ്ടായെങ്കിലും ഇപ്പോഴും പഴയ വ്യവസ്ഥകൾ നീക്കാൻ റവന്യു അധികൃതർ തയാറായിട്ടില്ല. ഹൈക്കോടതി നിർദേശ പ്രകാരം വൻകിട തോട്ടങ്ങളിൽ സർക്കാരിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ബന്ധപ്പെട്ട സിവിൽ കോടതികളിൽ കേസ് ഫയൽ ചെയ്യാൻ സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടർമാരെയും സർക്കാർ ചുമതലപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ കളക്ടർ പീരുമേട് ടീ കമ്പനിക്കെതിരേ കട്ടപ്പന സബ് കോടതിയിൽ ഫയൽ ചെയ്ത കേസിലും ഉപ്പുതറ വില്ലേജിലെ ചെറുകിട കർഷകരുടെ ഭൂമി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
കർഷകനായ ബാബു മേച്ചേരി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയെത്തുടർന്നാണ് ഇക്കാര്യങ്ങൾ പുറത്തു വന്നത്. ഇതിനു ശേഷവും വ്യവസ്ഥകൾക്ക് വിധേയം എന്ന് വ്യക്തമാക്കിയാണ് റവന്യുവകുപ്പു കരം സ്വീകരിക്കുന്നത്.
പോക്കുവരവ് അടക്കമുള്ള നടപടികളും സ്വീകരിക്കുന്നില്ല. രാജമാണിക്യം റിപ്പോർട്ടിന്റെ പരിധിയിലുള്ള ഭൂമിയാണെന്ന് പറഞ്ഞ് വിവിധ ആവശ്യങ്ങൾക്കായി കർഷകർ നൽകുന്ന അപേക്ഷകൾ റവന്യു വകുപ്പ് നിരസിക്കുകയാണ്.
സംസ്ഥാനത്തെ 49 വൻകിട തോട്ടങ്ങളുടെ പരിധിയിലും ചെറുകിട കർഷകരെ ബാധിക്കുന്ന സമാനമായ പ്രശ്നങ്ങളുണ്ടെന്ന് കർഷകർ പറഞ്ഞു. ഇതിനെതിരേ ശക്തമായ പ്രക്ഷോഭത്തിനും നിയമ നടപടികൾക്കും ഒരുങ്ങുകയാണ് കർഷകരും വ്യാപാരികളും.