അവസാന ലാപ്പിൽ തൊടുപുഴ ഉപജില്ല
1483143
Saturday, November 30, 2024 3:37 AM IST
കഞ്ഞിക്കുഴി: റവന്യു ജില്ലാ സ്കൂൾ കലോത്സവം അവസാന ദിനത്തിലേയ്ക്ക് കടക്കുന്പോൾ തൊടുപുഴ ഉപജില്ല വ്യക്തമായ ലീഡു നേടി മുന്നേറുന്നു. 242 മത്സരങ്ങൾ പൂർത്തിയായപ്പോൾ 709 പോയിന്റാണ് തൊടുപുഴയ്ക്കുള്ളത്. 679 പോയിന്റുമായി കട്ടപ്പന രണ്ടാമതും 589 പോയിന്റുമായി അടിമാലി മൂന്നാമതുമാണ്.
സ്കൂൾ തലത്തിൽ 176 പോയിന്റുമായി കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 173 പോയിന്റുമായി കൂന്പൻപാറ ഫാത്തിമാ മാത ഗേൾസ് സ്കൂളാണ് രണ്ടാമത്. യുപി വിഭാഗത്തിൽ 48 പോയിന്റുമായി കൂന്പൻപാറ ഫാത്തിമാമാത സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 45 പോയിന്റുമായി ജിഎച്ച്എസ്എസ് കല്ലാറാണ് രണ്ടാമത്.
എച്ച്എസ് വിഭാഗത്തിൽ 61 പോയിന്റുമായി കുമാരമംഗലം എംകെഎൻഎംഎച്ച്എസ്എസാണ് ഒന്നാമത്. 55 പോയിന്റുമായി ജിഎച്ച്എസ്എസ് കല്ലാർ രണ്ടാം സ്ഥാനത്താണ്. എച്ച്എസ്എസ് വിഭാഗത്തിൽ 76 പോയിന്റുമായി ജിഎച്ച്എസ്എസ് കല്ലാറാണ് ഒന്നാമത്. 71 പോയിന്റുമായി കൂന്പൻപാറ ഫാത്തിമാ മാത സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
നൃത്തവേദിയിൽ തിളങ്ങി ലിയാന
കഞ്ഞിക്കുഴി: അഞ്ചാം ക്ലാസുകാരി ലിയാന അനൂപിന്റെ ലാസ്യ ഭംഗി കാണികളുടെ കൈയടി മാത്രമല്ല മൂന്ന് ഒന്നാം സ്ഥാനവും നേടിക്കൊടുത്തു. കലോത്സവത്തിലെ ക്ലാസിക് നൃത്തയിനങ്ങളായ കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ ലിയാനയ്ക്കാണ് ഒന്നാംസ്ഥാനം.
ഇന്നലെ നടന്ന യുപി വിഭാഗം മോഹിനിയാട്ടത്തിൽ അയ്യപ്പചരിതമാണ് അവതരിപ്പിച്ചത്.
ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ്. കട്ടപ്പന സ്വദേശി വി. കുമാറിന്റെ ശിക്ഷണത്തിൽ എൽകെജി മുതൽ നൃത്തം അഭ്യസിച്ചുവരികയാണ്.
മാസങ്ങൾ നീണ്ട പരിശീലനവുമായാണ് ലിയാന കലോത്സവത്തിനെത്തിയത്. കട്ടപ്പന വെള്ളയാംകുടി സ്വദേശികളായ അനൂപ് -ലിജോ ദന്പതികളുടെ മകളാണ്.