ചന്ദനക്കാടുകളില്‍ വാച്ചര്‍മാര്‍ക്കു ദുരിതം
1483142
Saturday, November 30, 2024 3:37 AM IST
മറയൂര്‍: സർക്കാർ ഖജനാവിനു കോടിക്കണക്കിന് രൂപ വരുമാനം നൽകുന്ന മറയൂരിലെ ചന്ദനക്കാടുകള്‍ സംരക്ഷിക്കുന്ന വാച്ചര്‍മാർക്ക് തൊഴിലിടങ്ങളിൽ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമില്ല. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലില്‍ നായക കഥാപാത്രം അനുഭവിക്കേണ്ടിവന്നതിന്റെ ആധുനിക പതിപ്പിലുള്ള അടിമജീവിതമാണ് മറയുര്‍ ചന്ദന ഡിവിഷന് കീഴില്‍ വാച്ചര്‍മാര്‍ അനുഭവിക്കുന്നത്.
തികഞ്ഞ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ചന്ദന സംരക്ഷണം നടത്തിവരുന്ന വാച്ചര്‍മാര്‍ക്ക് ജോലിചെയ്യുന്നതിന് അനുസരിച്ചുള്ള വേതനം കൃത്യമായി ലഭിക്കുന്നില്ല. നൂറ് കോടിയോളം രൂപയാണ് ചന്ദനലേലത്തിലൂടെ സര്‍ക്കാരിനു ലഭിക്കുന്നത്. ഇതിനു കാവല്‍ നില്ക്കുന്ന വാച്ചര്‍മാരാണ് ജോലിസുരക്ഷിതത്വം ഇല്ലാതെ ദുരിത ജീവിതം നയിക്കുന്നത്.
ഉദ്യോഗസ്ഥരില്‍ ചിലര്‍ ക്രൂരമായ സമീപനമാണ് വാച്ചര്‍മാരോട് കാണിക്കുന്നത്. 2006 കാലഘട്ടം മുതല്‍ ചന്ദന സംരക്ഷണം വളരെ ഫലപ്രദമായി നടത്തിവന്നിരുന്നു. ഒരു മരം പോലും മോഷണം പോകാത്ത സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി എത്തിച്ചിരുന്നു. അതിനു ശേഷം ഏറ്റവും വലിയ മോഷണ പരമ്പരയാണ് കഴിഞ്ഞ രണ്ട് മാസമായി നടന്നുവരുന്നത്.
പതിനൊന്ന് ചന്ദനമരങ്ങളാണ് സമീപ ദിവസങ്ങളില്‍ മറയൂരിലെ നാച്ചിവയല്‍ ചന്ദന റിസര്‍വില്‍നിന്നു മാത്രം വെട്ടിക്കടത്തിയത്. ഇതിനെത്തുടര്‍ന്നു പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് താത്കാലിക വാച്ചര്‍മാര്‍ക്കാണ്.
ശനിയാഴ്ച രാത്രി ഒന്‍പതോടെ നാച്ചിവയല്‍ ചന്ദന റിസര്‍വില്‍നിന്നു ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ വിവരം അറിഞ്ഞ് മോഷ്ടാക്കളെ പിടികൂടുന്നതിനു വനമേഖലയില്‍ തെരച്ചില്‍ നടത്തുന്പോൾ സ്ഥലത്തെത്തിയ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ രാമകൃഷ്ണന് താത്കാലിക വാച്ചറായ മാരിയപ്പനെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ചെവിക്കും വയറിനും പരിക്കേറ്റ മാരിയപ്പന് ചികിത്സയിലാണ്.
വാച്ചര്‍മാരുടെ ജോലി
വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെ തുടര്‍ച്ചയായി 12 മണിക്കൂറാണ് വാച്ചർമാർ ജോലി ചെയ്യുന്നത്. പുലി, ആന, കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെയും മഴയും മൂടല്‍ മഞ്ഞും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചു വേണം ചന്ദനമരങ്ങള്‍ സംരക്ഷിക്കാന്‍. സര്‍വ സന്നാഹങ്ങളും മാരക ആയുധങ്ങളുമായി എത്തുന്ന കൊള്ളക്കാരെ നേരിടാന്‍ വാച്ചര്‍മാരുടെ കൈയിലുള്ളത് മുളവടിയും ടോര്‍ച്ചും മാത്രം.
ഓരോ ഫീല്‍ഡിലും സ്ഥിരം ജീവനക്കാരായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും ചുമതലക്കാരായുണ്ട്. ഇവര്‍ മിക്കവാറും ഷെഡുകളിലോ വാഹനത്തിനുള്ളിലോ വിശ്രമിക്കുകയാണ് ഭൂരിഭാഗം സമയവും. ഇവര്‍ക്ക് വേണ്ടി ജോലിചെയ്യുന്നത് വാച്ചര്‍മാരാണ്.
സ്ഥിരം ജീവനക്കാരില്‍ ഭൂരിഭാഗവും മറ്റു ജില്ലക്കാരാണ്. ഇവര്‍ക്ക് കാട്ടിനുള്ളിലെ വഴികളോ പ്രദേശങ്ങളൊ മറ്റ് ആദിവാസികുടികളിലേക്കുള്ള വഴികളോ ഭൂഘടനയെപ്പറ്റി നിശ്ചയമോ ഇല്ലാത്തവരാണ്. ചന്ദന സംരക്ഷണത്തിന്റെ അടിസ്ഥാനഘടകമാണ് പ്രദേശത്തിന്റെ പ്രത്യേകതകളും ഭൂഘടനയെ കുറിച്ച് അറിയാവുന്ന വാച്ചര്‍മാരും.
പതിവായി വേതനം മുടങ്ങും
ചന്ദന സംരക്ഷണത്തിലെ അടിസ്ഥാന ഘടകമായ വാച്ചര്‍മാരില്‍ എല്ലാവരും നിര്ധനകുടുംബാംഗങ്ങളാണ്. സ്ഥിരമായി പ്രതികൂല കാലാവസ്ഥയിൽ വര്‍ഷങ്ങളോളം ജോലിചെയ്തവര്‍ ഇന്ന് രോഗങ്ങളുടെ പിടിയിലാണ് . സ്ഥിരം ജീവനക്കാര്‍ക്ക് കൃത്യമായി ശന്പളം ലഭിക്കുമ്പോള്‍ ജോലിചെയ്യുന്ന ദിവസങ്ങളുടെ വേതനം പോലും ഇവര്‍ക്ക് കൃത്യമായി ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ നല്‍കാറില്ല.
മുപ്പത് ദിവസം ജോലി ചെയ്താല്‍ ഇപ്പോള്‍ 23 ദിവസത്തെ വേതനം മാത്രമാണ് നല്‍കുന്നത്. മുന്‍കാലങ്ങളില്‍ 28 ദിവസം വരെ നല്‍കിയിരുന്ന വേതനമാണ് പലകാരണങ്ങള്‍ പറഞ്ഞ് കുറവ് വരുത്തിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ രണ്ട് മാസത്തെ വേതനം കുടിശികയാണ്. ജോലിക്കിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പിരിഞ്ഞുപോകേണ്ടിവന്നാല് യാതൊരു ആനൂകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരല്ല.
ജോലിക്കിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റാല്‍ ഏതൊരു സാധാരണ പൗരനും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമേ ഇവര്‍ക്കും ലഭിക്കു. ഇന്‍ഷ്വറന്‍സ് പോലും ഇല്ലാതെയാണ് ഇവര്‍ അപകടം നിറഞ്ഞ സാഹചര്യത്തില്‍ ജോലിചെയ്തുവരുന്നത്.