തപാൽ ഉരുപ്പടികൾ ഇനി വേഗത്തിൽ : തൊടുപുഴയിൽ ഐസിഎച്ച് അനുവദിച്ചു
1482894
Friday, November 29, 2024 12:55 AM IST
മൂവാറ്റുപുഴ: സ്പീഡ് പോസ്റ്റ് ഉരുപ്പടികൾ വേഗത്തിൽ ലഭിക്കുന്നതിന് സഹായകരമായ ഇൻട്ര സർക്കിൾ ഹബ് (ഐസിഎച്ച്) ഇടുക്കി ജില്ലയിൽ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. തൊടുപുഴയിലെ സോർട്ടിംഗ് ഓഫീസ് നിലനിർത്തിയാണ് ഐസിഎച്ച് ആരംഭിക്കുന്നത്.
ഇടുക്കി ജില്ലയിലെ ഏക സോർട്ടിംഗ് ഓഫീസാണ് തൊടുപുഴയിലേത്. രാജ്യത്തു നടപ്പാക്കുന്ന രജിസ്റ്റേർഡ്, സ്പീഡ് പോസ്റ്റ് ഓഫീസുകളുടെ ലയനത്തെത്തുടർന്ന് തൊടുപുഴ സോർട്ടിംഗ് ഓഫീസും അടച്ചുപൂട്ടുന്നതിന് തപാൽ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായി സ്പീഡ് പോസ്റ്റ്, പാഴ്സൽ ഉരുപ്പടികളുടെ തരം തിരിക്കൽ ജോലികൾ തൊടുപുഴയിൽനിന്ന് എറണാകുളത്തേക്ക് മാറ്റിയിരുന്നു.
ഇതുമൂലം സ്പീഡ് പോസ്റ്റ്, പാഴ്സൽ ഉരുപ്പടികളുടെ വിതരണത്തിൽ കാലതാമസം നേരിടുന്നുവെന്ന പരാതി ഉയർന്നതോടെ ഡീൻ കുര്യാക്കോസ് എംപി വിഷയം കേന്ദ്ര വാർത്താ വിതരണ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം തപാൽ വിതരണം താറുമാറാക്കുന്നതിന് സോർട്ടിംഗ് ഓഫീസ് മാറ്റം ഇടയാക്കുമെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തിയതോടെ തൊടുപുഴയിൽ ഐസിഎച്ച് അനുവദിക്കുകയായിരുന്നുവെന്ന് എംപി അറിയിച്ചു.
അടുത്ത ജില്ലയിലും സ്ഥലങ്ങളിലും ഹബ് അനുവദിക്കപ്പെട്ടപ്പോഴും ഇടുക്കി ജില്ലയിൽ ഹബ്ബ് പരിഗണിക്കപ്പെട്ടില്ല. സോർട്ടിംഗ് ഓഫീസിനു പകരം ഇൻട്ര സർക്കിൾ ഹബ് അനുവദിച്ചതോടെ കൂടുതൽ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കപ്പെടും.