ഉത്തരവാദിത്വ-ലിംഗസമത്വ ടൂറിസം : അന്താരാഷ്ട്ര വനിതാസമ്മേളനം മൂന്നാറിൽ
1482882
Friday, November 29, 2024 12:45 AM IST
ഇടുക്കി: ഉത്തരവാദിത്വ ലിംഗസമത്വ ടൂറിസത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര വനിതാ സമ്മേളനം മൂന്നാറിൽ നാളെ മുതൽ ഡിസംബർ രണ്ടുവരെ നടക്കും. ടൂറിസം വകുപ്പ്, യുഎൻ വുമണ്‍ എന്നിവയുടെ പങ്കാളിത്വത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നാളെ രാവിലെ 10നു ഗ്രാൻഡ് ക്ലിഫ് റിസോർട്ടിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മേളന ഉദ്ഘാടനവും ജെൻഡർ ഓഡിറ്റ് റിപ്പോർട്ട് പ്രകാശനവും നിർവഹിക്കും. എ. രാജ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും.
ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോണ്സിബിൾ ടൂറിസം ഗ്ലോബൽ ചെയർമാൻ ഡോ. ഹരോൾഡ് ഗുഡ്വിൻ മുഖ്യപ്രഭാഷണം നടത്തും. ടൂറിസം സെക്രട്ടറി കെ. ബിജു പ്രസംഗിക്കും. രണ്ടിനു നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര ടൂറിസം വകുപ്പ് അഡീഷണൽ സെക്രട്ടറി സുമൻ ബില്ല മുഖ്യാതിഥിയായിരിക്കും.
കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ടൂറിസം മേഖലയിലെ സ്ത്രീ പ്രാതിനിധ്യം, നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച് ചർച്ച ചെയ്ത് രൂപരേഖ തയാറാക്കും. ഉത്തരവാദിത്വ സ്ത്രീ സൗഹൃദ ടൂറിസം കേരള മോഡൽ എന്ന വിഷയത്തിൽ കേരള റെസ്പോണ്സിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാർ അനുഭവങ്ങൾ പങ്കുവയ്ക്കും.
ചർച്ചകളിൽ ആഗോള വിദഗ്ധർ, സംരംഭകർ, നയരൂപകർത്താക്കൾ എന്നിവർ അഭിപ്രായങ്ങൾ പങ്കുവയ്ക്കും. മുൻ ചീഫ് സെക്രട്ടറി ഡോ. വി.വേണു, നൊമാഡ്ഹെർ സ്ഥാപകയും സിഇഒ യുമായ ഹ്യോജിയോങ് കിം,
യുകെയിലെ അണ്‍സീൻ ടൂർസ് സിഇഒ ജെയ്നി ഗുഡ്ക, യുകെയിലെ ട്രാവലർ സ്റ്റോറി ടെല്ലർ സ്ഥാപകയും സിഇഒ യുമായ എലിസ സ്പാന്പിനാറ്റോ, ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോണ്സിബിൾ ടൂറിസം ഇന്ത്യയിൽനിന്നുള്ള മനീഷ പാണ്ഡെ തുടങ്ങിയവർ പങ്കെടുക്കും.ചടങ്ങിൽ ടൂറിസം മേഖലയിലെ വനിതാ സംരംഭകരെ ആദരിക്കും.