സ്കൂൾ ബസിനു നേരേ പടയപ്പ; പേടിച്ച് കുട്ടികൾ
1482881
Friday, November 29, 2024 12:45 AM IST
മൂന്നാർ: പടയപ്പയുടെ പരാക്രമങ്ങൾക്കു മുന്നിൽ കഴിഞ്ഞ ഏതാനും നാളുകളായി പകച്ചുനിൽക്കുന്ന മൂന്നാറിൽ വീണ്ടും കൊന്പന്റെ ഭീഷണി. കഴിഞ്ഞ ദിവസം കൊന്പന്റെ മുന്പിൽപ്പെട്ടു പോയ നാൽപ്പതോളം സ്കൂൾ കുട്ടികളും ബൈക്ക് യാത്രികരും രക്ഷപ്പെട്ടത് ഏറെനേരം ആശങ്കയുടെ മുൾമുനയിൽ നിന്ന ശേഷം.
കൊരണ്ടക്കാട്ടിലെ സ്കൂളിൽനിന്നു കുട്ടിയാർവാലിക്ക് പോകുന്ന വഴിയിൽ വൈകുന്നേരം നാലരയ്ക്കായിരുന്നു സംഭവം. ബൈക്ക് യാത്രികരായിരുന്നു ആദ്യം മുന്നിൽപ്പെട്ടത്. ആനയുടെ മുന്പിൽപ്പെട്ടതോടെ പരിഭ്രാന്തരായ ബൈക്ക് യാത്രികർ ബൈക്കിൽനിന്ന് താഴെവീഴുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് സ്കൂൾ ബസ് എത്തിയത്.
ബസ് നിർത്തി ആന പിൻവാങ്ങുന്നതിനായി കാത്തിരിക്കുന്നതിനിടയിൽ തുന്പിക്കൈ ഉയർത്തി പാഞ്ഞടുത്ത പടയപ്പയെ കണ്ട് കുട്ടികൾ നിലവിളിക്കുകയും ചെയ്തു. ഏതാനും നിമിഷങ്ങൾ അവിടെ നിലയുറപ്പിച്ച ശേഷം പടയപ്പ കാടുകയറിയതോടെയാണ് കുട്ടികൾക്കും യാത്രക്കാർക്കും ശ്വാസം നേരേ വീണത്.
മൂന്നാറിലെ ജനവാസമേഖലകളിൽ നിരന്തരം ഭീഷണി ഉയർത്തുന്ന കാട്ടാനകളിൽനിന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ആവശ്യം നിരന്തരം ഉയരുന്നുണ്ടെങ്കിലും പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം വനം വകുപ്പിന് കണ്ടെത്താനായിട്ടില്ല.