വിധികർത്താക്കൾക്കെതിരേ വൻ പ്രതിഷേധം : നൃത്തവേദി അലങ്കോലം
1482879
Friday, November 29, 2024 12:45 AM IST
കഞ്ഞിക്കുഴി: ജില്ലാ കലോത്സവത്തിന്റെ നൃത്തയിനങ്ങളിൽ വിധി കർത്താക്കളെ നൃത്താധ്യാപകൻ വിലയ്ക്കെടുത്തെന്നാരോപിച്ച് ജില്ലാ കലോത്സവ വേദിയിൽ സംഘർഷവും വാക്കേറ്റവും. വിധികർത്താക്കളെ മാറ്റാതെ മത്സരം നടത്താനാവില്ലെന്ന് പറഞ്ഞ് രക്ഷിതാക്കളും നൃത്ത അധ്യാപകരും മത്സരാർഥികളും ഉൾപ്പെടെ പ്രതിഷേധിച്ചതോടെ പ്രധാന വേദിയിൽ ഇന്നലെ നടത്താനിരുന്ന എല്ലാ മത്സരങ്ങളും നാളത്തേക്ക് മാറ്റിവച്ചു.
വിധികർത്താക്കൾക്കെതിരേ വലിയ പ്രതിഷേധമാണ് രാവിലെ മുതൽ ഉയർന്നത്. നൃത്താധ്യാപകരുടെയും വിദ്യാർഥികളുടെയും കോഴയാരോപണവും രോഷപ്രകടനങ്ങളും കൊണ്ട് കലുഷിതമായിരുന്നു കലോത്സവത്തിന്റെ മൂന്നാം ദിനം.
എസ്എൻഎച്ച്എസ്എസ് ഓപ്പണ് സ്റ്റേജിലെ വേദി ഒന്നിൽ നാടോടിനൃത്തം, തിരുവാതിര, സംഘനൃത്തം എന്നിവയാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. ഈ ഇനങ്ങൾക്കുള്ള വിധികർത്താക്കൾക്കെതിരേയാണ് ആരോപണം ഉയർന്നത്. ഏതൊക്കെ വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം നൽകണമെന്ന് വാട്സാപ്പിലൂടെ ജില്ലയിലെ ഒരു നൃത്താധ്യാപകൻ ഇവർക്ക് നിർദേശം നൽകിയെന്നായിരുന്നു മറ്റ് നൃത്താധ്യാപകരുടെയും വിദ്യാർഥികളുടെയും ആരോപണം.
വേദി ഒന്നിലെ മത്സരങ്ങൾ രാവിലെ 9.30തോടെ ആരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു സംഘാടകർ. നാടോടിനൃത്ത മത്സരത്തിനുള്ള യുപി വിഭാഗം കുട്ടികൾ രാവിലെ തന്നെ മേക്കപ്പ് ചെയ്ത് തയാറാവുകയും ചെയ്തു. വിധികർത്താക്കളെത്തി മത്സരം ആരംഭിക്കാനിരിക്കേയാണ് ഒരു സംഘം അധ്യാപകരും മത്സരാർഥികളും രക്ഷിതാക്കളും ആരോപണങ്ങളുമായി സ്റ്റേജിന് സമീപത്തേക്കെത്തിയത്.
സ്റ്റേജിലുണ്ടായിരുന്ന സംഘാടകർ പ്രതിഷേധത്തിന്റെ കാര്യം അന്വേഷിച്ചപ്പോൾ അധ്യാപകരും വിദ്യാർഥികളും ചേർന്ന് വിഷയം വിവരിച്ചു. തങ്ങളുടെ ആരോപണങ്ങൾക്ക് തെളിവായി വിവാദ നൃത്താധ്യാപകൻ വിധികർത്താക്കൾക്ക് അയച്ചുനൽകിയ ശബ്ദ സന്ദേശങ്ങളും ചിത്രങ്ങളും കാണിച്ചു. ഓരോ ഇനത്തിലും ഒന്നാം സ്ഥാനത്ത് വരേണ്ട കുട്ടികൾ മത്സരത്തിൽ ധരിക്കുന്ന വസ്ത്രങ്ങളുടെ ചിത്രമാണ് അടയാളമായി നൽകിയത്. ഇതോടെ സംഘാടകർ മത്സരങ്ങൾ ആരംഭിച്ചില്ല.
പ്രതിഷേധം കനത്തതോടെ നൃത്താധ്യാപകരെ വിളിച്ചുചേർത്ത് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തി. വിധികർത്താക്കളെ മാറ്റണമെന്ന ആവശ്യം നൃത്താധ്യാപകർ വീണ്ടും ഉന്നയിച്ചതോടെ മത്സരങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ആരോപണം ഉയർന്ന വിധികർത്താക്കൾക്ക് പകരം പുതിയ പാനലിനെ എത്തിച്ച് മത്സരങ്ങൾ നടത്തുമെന്ന് ഉച്ചയ്ക്ക് 12ഓടെ ഡിഡിഇ ഉറപ്പ് നൽകി. ഇതോടെയാണ് പ്രതിഷേധം ശമിച്ചത്.
എന്നാൽ അപ്രതീക്ഷിതമായി മത്സരങ്ങൾ മാറ്റിയതോടെ മത്സാർഥികൾക്കും സ്കൂൾ അധികൃതർക്കു വലിയ സാന്പത്തിക നഷ്ടമാണുണ്ടായത്. രാവിലെതന്നെ മേക്കപ്പിട്ട് തയാറായിനിന്ന പല കുട്ടികളും നിരാശരായി. പലരും നൃത്തത്തിനുള്ള വേഷങ്ങളും ആഭരണങ്ങളും വാടകയ്ക്കെടുത്താണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്.
വിവാദ വാട്സ്ആപ്പ് സന്ദേശം: പോലീസിൽ പരാതി നൽകി
കഞ്ഞിക്കുഴി: കലോത്സവവേദിയിൽ വിധികർത്താക്കളുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. ഷാജി പോലീസിൽ പരാതി നൽകി. വിധികർത്താക്കൾക്കെതിരേ ഒരു വിഭാഗം നൃത്താധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
ശബ്ദസന്ദേശങ്ങൾ, കോൾ റിക്കാർഡിംഗുകൾ, വാട്സാപ്പ് ഗ്രൂപ്പ് സ്ക്രീൻ ഷോട്ടുകൾ തുടങ്ങിയവയും പോലീസിന് കൈമാറിയിട്ടുണ്ട്. ഇതു സൈബർ പോലീസിനു കൈമാറും.