മണ്ണിടിച്ചിലിൽ വീട് അപകടാവസ്ഥയിൽ
1466926
Wednesday, November 6, 2024 4:11 AM IST
കട്ടപ്പന: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കട്ടപ്പന നഗരസഭ ഏഴാം വാർഡിൽ കക്കാട്ട് ലീലാമ്മ വർഗീസിന്റെ വീടിന്റെ പിൻഭാഗത്ത് മൺതിട്ട ഇടിഞ്ഞു വീട് അപകടാവസ്ഥയിലായി.
2018ലെ പ്രളയകാലത്തും സമാന രീതിയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായതോടെ രണ്ടു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഭാഗികമായി സംരക്ഷണഭിത്തി കെട്ടിയിരുന്നു.
ഇപ്പോൾ വീണ്ടും മണ്ണിടിഞ്ഞ് ബാത്ത്റൂമും വീടും ഉൾപ്പെടെ അപകടാവസ്ഥയിലായതോടെ ദുരിതത്തിലായിരിക്കുകയാണ് രോഗിയായ ലീലാമ്മയും മകൻ അജോയിയും ഭാര്യ ജിൻസിയും കുഞ്ഞുങ്ങളുമടങ്ങുന്ന ഈ കുടുംബം.
മണ്ണിടിച്ചിലിനെ പ്രതിരോധിക്കാൻ പടുത ഉപയോഗിച്ച് മൂടിയിട്ടുണ്ടെങ്കിലും മൺതിട്ട വിണ്ടിരിക്കുന്ന സ്ഥിതിയാണ്. സർക്കാർ സംരക്ഷണ ഭിത്തിനിർമിക്കാനാവശ്യമായ സഹായം ലഭ്യമാക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ ആവശ്യപ്പെട്ടു.