ദയനീയം മങ്ങാട്ടുകവല ബസ് സ്റ്റാൻഡിന്റെ അവസ്ഥ
1466919
Wednesday, November 6, 2024 4:04 AM IST
തൊടുപുഴ: ഒട്ടേറെ ബസുകൾ കയറിയിറങ്ങുന്ന മങ്ങാട്ടുകവല ബസ് സ്റ്റാൻഡിനോട് അധികൃതരുടെ അവഗണന. രണ്ടര വർഷം മുന്പ് ലക്ഷങ്ങൾ മുടക്കി നവീകരിച്ച ബസ് സ്റ്റാൻഡിലെ ടാറിംഗ് തകർന്ന് കുണ്ടുംകുഴിയുമായി മാറി.
വിവിധ മേഖലകളിലേക്കുള്ള നൂറു കണക്കിനു യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്റ്റാൻഡാണ് വീണ്ടും തകർന്നത്. വലിയ തോതിലുള്ള കുഴികളാണ് സ്റ്റാൻഡിൽ രൂപപ്പെട്ടിരിക്കുന്നത്. മഴ പെയ്താൽ വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളിലൂടെ വേണം യാത്രക്കാർ വാഹനങ്ങളിൽ കയറാൻ.
പതിമൂന്ന് ലക്ഷത്തോളം രൂപ മുടക്കിയാണ് സ്റ്റാൻഡിൽ ടാറിംഗ് നടത്തിയത്. ഇതുപോലെ തന്നെ സ്റ്റാൻഡിലെ ടാറിംഗ് പൂർണമായി പൊളിഞ്ഞ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും കടുത്ത ദുരിതമായി മാറിയതോടെയാണ് നഗരസഭ റീ ടാറിംഗ് നടത്തിയത്. ഇതാണ് വീണ്ടും തകർന്ന് വൻ കുഴിയായി മാറിയത്. ടാറിംഗ് നടത്തിയതിൽ അപാകതയുണ്ടെന്ന് അന്നുതന്നെ ആരോപണമുയർന്നിരുന്നു.
കരിമണ്ണൂർ, ഉടുന്പന്നൂർ, വണ്ണപ്പുറം, തൊമ്മൻകുത്ത്, പെരിങ്ങാശേരി മേഖലകളിലേക്കും കാരിക്കോട്, കലയന്താനി, പൂമാല തുടങ്ങിയ പ്രദേശങ്ങളിലേക്കുമുള്ള ബസുകൾ തൊടുപുഴയിൽനിന്നു മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ കയറ്റിയാണ് പോകുന്നത്. കൂടാതെ കാരിക്കോട് ജില്ലാ ആശുപത്രി, ജില്ലാ ആയുർവേദാശുപത്രി, ജില്ലാ മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളിലെത്തുന്ന ആളുകളുടെയും ആശ്രയമാണ് ഈ ബസ് സ്റ്റാൻഡ്.
പ്രമുഖ തീർഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി, കാരിക്കോട് ക്ഷേത്രം, നൈനാരുപള്ളി എന്നീ ആരാധനാലയങ്ങളിലേക്ക് എത്തുന്നവരും മങ്ങാട്ടുകവല വഴിയാണ് കടന്നു പോകുന്നത്.
സ്റ്റാൻഡ് ഇപ്പോൾ പൂർണമായും തകർന്ന നിലയിലാണ്. ആദ്യം ചെറിയ തോതിൽ രൂപപ്പെട്ട കുഴികൾ വലിയ കിടങ്ങുകൾ പോലെയായി മാറിയിരിക്കുകയാണ്. ദിവസേന കുഴിയുടെ വലിപ്പം കൂടിവരികയാണ്. ശക്തമായ മഴയെത്തുന്നതോടെ സ്റ്റാൻഡിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്ന് വ്യാപാരികളും യാത്രക്കാരും ചൂണ്ടിക്കാട്ടി.
സ്റ്റാൻഡിൽ അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തിൽ നഗരസഭ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും പരാതിയുയർന്നിട്ടുണ്ട്. സ്റ്റാൻഡിന്റെ ശോച്യാവസ്ഥയെ സംബന്ധിച്ച് നഗരസഭയിൽ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് വാർഡ് കൗണ്സിലറായ മുഹമ്മദ് അഫ്സൽ പറഞ്ഞു. അടിയന്തരമായി ഫണ്ട് അനുവദിച്ച് ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.