നടന്നത് 200 കോടിയുടെ തട്ടിപ്പ്
1466912
Wednesday, November 6, 2024 4:04 AM IST
ജെജിൻ മാത്യു
ഏലക്ക നൽകിയതിന്റെ പണം പറഞ്ഞ സമയത്തൊന്നും ലഭിക്കാതായതോടെ കർഷകർ നെട്ടോട്ടമായി. പിന്നെ ഫോണ്കോളുകളുടെ പ്രവാഹമായിരുന്നു. ഓരോരുത്തരും വ്യക്തിപരമായി സ്ഥാപന ഉടമയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടു തുടങ്ങി. എങ്ങനെയും പണം വാങ്ങിയെടുക്കാനുള്ള തത്രപ്പാടിലായിരുന്നു ആളുകൾ.
എന്നാൽ ഈ അവസരവും ഫലപ്രദമായി മുതലെടുക്കാനുള്ള ശ്രമമാണ് പ്രതി നടത്തിയത്. പണം ഗഡുക്കളായി നൽകാമെന്നും കേസുമായി മുന്നോട്ടുപോയാൽ താൻ ജയിലിലാകുകയും പിന്നെ നയാപൈസ പോലും ലഭിക്കാൻ സാധ്യതയില്ലെന്നും പറഞ്ഞതോടെ തത്കാലം കേസുകൊടുക്കാനുള്ള ശ്രമം പലരും ഉപേക്ഷിച്ചു.
ഗഡുക്കളായി പണം ലഭിക്കുമെങ്കിൽ അതെങ്കിലുമാകട്ടെ എന്നായിരുന്നു പലരുടെയും ചിന്ത. ഇതിനിടെ പണം ലഭിക്കാനുള്ളവരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഇതിലൂടെയായി പിന്നെ ആശയവിനിമയം. ഓരോരുത്തരെയും വിശ്വസിപ്പിക്കുന്ന തരത്തിൽ ഉറപ്പുനൽകാനുള്ള പ്രതിയുടെ ശ്രമം ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു. പണം ഗഡുക്കളായി നൽകാമെന്നു വാഗ്ദാനം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ലഭിക്കാതായതോടെ വഞ്ചനയുടെ ചുരുൾ അഴിഞ്ഞുതുടങ്ങി.
ഇതിനു പിന്നാലെ ബില്ലുമായി അടിമാലി ഓഫീസിൽ എത്തിയാൽ പണം നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് കർഷകർ അടിമാലി ഓഫീസിൽ എത്തിയെങ്കിലും അടഞ്ഞുകിടക്കുന്ന ഓഫീസാണ് അവർക്ക് കാണാനായത്. ഇതോടെ പരാതി പ്രവാഹമായി. അടിമാലി, വെള്ളത്തൂവൽ തുടങ്ങിയ സ്റ്റേഷനുകളിലാണ് കൂടുതൽ പരാതികൾ ലഭിച്ചത്.
തുടർന്നു കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യമൊക്കെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. പോലീസിനും ഈ കേസ് അന്വേഷിക്കുന്നതിൽ വലിയ താത്പര്യം ആദ്യം ഉണ്ടായില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
എന്നാൽ മുഖ്യമന്ത്രി, ഡിജിപി, എസ്പി തുടങ്ങിയവർക്ക് കർഷകർ പരാതി നൽകിയതോടെയാണ് അന്വേഷണം ഉൗർജിതമായതും പ്രതി മുഹമ്മദ് നസീറിനെ ആലപ്പുഴയിൽനിന്നും പിടികൂടിയതും.അന്നു വൈകുന്നേരത്തോടെ പ്രതിയെ പോലീസ് അടിമാലി സ്റ്റേഷനിൽ എത്തിച്ചതോടെ തട്ടിപ്പിനിരയായ നൂറുകണക്കിനാളുകൾ ഇവിടെ തടിച്ചുകൂടി. പ്രതിയെ കണ്ടതോടെ പലരുടെയും നിയന്ത്രണം തന്നെ നഷ്ടപ്പെട്ടു. എന്നാൽ യാതൊരുഭാവ ഭേദവും പ്രകടിപ്പിക്കാത്ത പ്രകൃതമായിരുന്നു അയാൾ പ്രകടിപ്പിച്ചത്.
ഇയാൾ കസ്റ്റഡിയിലായതോടെ ഏലക്ക തട്ടിപ്പിന് എല്ലാ സഹായവും ചെയ്ത പണിക്കൻകുടി സ്വദേശിയായ ഡ്രൈവറെ രണ്ടുദിവസത്തിനുശേഷം മൂവാറ്റുപുഴയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് ലഭിക്കേണ്ടിയിരുന്ന പല നിർണായക വിവരങ്ങളും കാണാമറയത്തായി. തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം തന്നിലേക്കും എത്തുമോയെന്ന ചിന്തയുടെ പ്രതിഫലനമാകാം ഡ്രൈവറുടെ മരണത്തിനു പിന്നിലുള്ളതെന്ന സംശയവും ഉയരുന്നുണ്ട്.
ആദ്യപരാതി കട്ടപ്പനയിൽനിന്ന്
ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചു നടന്ന ഏലക്കാ തട്ടിപ്പ് പുറംലോകം അറിഞ്ഞതിലും വലിയ ദുരിതവും ആഘാതവുമാണ് കർഷകർക്കുണ്ടായത്. വിറ്റഴിച്ച ഉത്പ്പന്നത്തിനു പണം ലഭിക്കാത്തതിനാൽ പിടിച്ചുനിൽക്കാൻ വഴിയില്ലാതായ കട്ടപ്പന സ്വദേശിനിയായ ബിജിയാണ് ആദ്യപരാതി നൽകിയത്. ഏലക്കാ സ്റ്റോർ ഉടമയായിരുന്നു ഇവർ.
എംബിബിഎസിനു പഠിക്കുന്ന മകന്റെ ഫീസ് അടയ്ക്കുന്നതിനായി സൂക്ഷിച്ചുവച്ചിരുന്ന ഏലക്കയാണ് വിപണിവിലയെക്കാൾ അധികവില ലഭിക്കുമെന്ന വിശ്വാസത്തിൽ തട്ടിപ്പ് സംഘത്തിന് കൈമാറിയത്. ബിജിയുടെ പരിചയത്തിലുള്ള ഒരാൾ തട്ടിപ്പ് സംഘത്തിലെ മുഹമ്മദ് നസീറിന്റെ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു. ഇയാളാണ് ഏലക്ക ശേഖരിക്കാൻ ബിജിയെ സമീപിച്ചത്. ഇയാളുടെ ഉറപ്പിനെത്തുടർന്നു ബിജി തന്റെ കൈവശമുണ്ടായിരുന്ന 650 കിലോയോളം ഏലക്ക മുഹമ്മദ് നസീറിന് നൽകി.
45 ദിവസത്തിനുള്ളിൽ പണം നൽകാമെന്നായിരുന്നു വ്യവസ്ഥ. അവധി കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ പലതവണ മുഹമ്മദ് നസീറിനെ സമീപിച്ചു. അപ്പോഴെല്ലാം അവധി മാറ്റിപ്പറയും. പണം കിട്ടാനിരിക്കെ വീണ്ടും കൂടുതൽ ഏലക്ക ആവശ്യപ്പെട്ട് ഇയാൾ ബിജിയെ സമീപിക്കുകയും ചെയ്തു. തന്റെ സ്റ്റോറിൽ മറ്റു കർഷകർ സൂക്ഷിച്ചിരുന്ന ഏലക്കയും അവരുടെ സമ്മതപ്രകാരം ബിജി തട്ടിപ്പ് സംഘത്തിന് കൈമാറി.
എന്നാൽ പണം കിട്ടാതായതോടെ കർഷകർ ബിജിയെ സമീപിച്ചു. നിവൃത്തിയില്ലാതെ ബിജി തന്റെ ഉടമസ്ഥതയിലുള്ള ഏലക്ക സ്റ്റോർ വിറ്റ് കർഷകർക്ക് പണം നൽകുകയായിരുന്നു. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സ്ത്രീകളുടെ പരിചയക്കാർ ഉൾപ്പെടെയുള്ള ആളുകളും തട്ടിപ്പിന് ഇരയായി. ഇത്തരത്തിൽ നിരവധിപ്പേരാണ് വഞ്ചിതരായത്.
(തുടരും)