പുളിയൻമലയിലെ മാലിന്യസംസ്കരണശാലയിൽ മാലിന്യം നീക്കാൻ നടപടിയില്ല
1466726
Tuesday, November 5, 2024 7:26 AM IST
കട്ടപ്പന: കട്ടപ്പന നഗരസഭയുടെ പുളിയൻമലയിലെ മാലിന്യസംസ്കരണശാലയിൽ വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന ടൺകണക്കിന് മാലിന്യങ്ങൾ നീക്കാൻ നടപടിയില്ല.
നഗരസഭയിലെ മാലിന്യം നീക്കാൻ 77 ലക്ഷം രൂപയുടെ ടെൻഡർ വിളിച്ച് കരാർ ഒപ്പിട്ടിട്ട് മൂന്നു മാസം പിന്നിട്ടു. ഘട്ടം ഘട്ടമായി ഇവിടെനിന്നു മാലിന്യം നീക്കം ചെയ്യുമെന്നാണ് നഗരസഭ അന്നറിയിച്ചിരുന്നത്. എന്നാലിതുവരെ യാതൊരു നീക്കവും ഉണ്ടായില്ലെന്നു മാത്രമല്ല പച്ചക്കറി, ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും ഉൾപ്പെടെ വീണ്ടും ഇവിടെ കൂട്ടിയിടുകയാണ്. ഇതിനോടു ചേർന്നു തന്നെയാണ് നഗരസഭയുടെ അറവുശാലയും പ്രവർത്തിക്കുന്നത്.
കാൽ നൂറ്റാണ്ട് മുമ്പാണ് കട്ടപ്പന പഞ്ചായത്ത് മാലിന്യസംസ്കരണത്തിന് പുളിയന്മല ഏഴുമുക്കിൽ ഭൂമി വാങ്ങി സംസ്കരണ യൂണിറ്റ് സ്ഥാപിച്ചത്. 2017 ൽ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റും ഇവിടെ പ്രവർത്തനം ആരംഭിച്ചുവെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.
ബ്രഹ്മപുരം തീപിടിത്തം ഉണ്ടായതോടെ ജനങ്ങളുടെ പരാതിപ്രകാരം കേന്ദ്രസംഘം അന്വേഷണം നടത്തി മാലിന്യം നീക്കാൻ നഗരസഭയോട് നിർദേശിച്ചു. ഇതിനായി 68 ലക്ഷം രൂപ നഗരസഭ നീക്കിവച്ചുവെങ്കിലും തുക തികയില്ലെന്ന കാരണത്താൽ കരാറുകാർ പിൻവാങ്ങി. 2023-24 സാമ്പത്തികവർഷം പുളിയന്മലയിലെ മാലിന്യം നീക്കം ചെയ്യാൻ കട്ടപ്പന നഗരസഭ 84 ലക്ഷം രൂപ നീക്കിവച്ചു.
പിന്നീട് പല കൗൺസിലിൽ യോഗങ്ങളിലും ചർച്ചയാകുകയും ടെൻഡർ നൽകുന്നതിലെ അപാകതകളെച്ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാക്കുതർക്കവും പതിവായിരുന്നു. വർഷങ്ങൾ പഴക്കമുള്ള മാലിന്യമാണ് ഇവിടെ കുന്നുകൂടിയിരുന്നത്. കൃത്യസമയത്ത് ഇവ നീക്കം ചെയ്യാത്തതിനാൽ സാംക്രമിക രോഗഭീഷണിയടക്കം നിലനിൽക്കുന്ന സാഹചര്യമാണുള്ളത്.