പനംകുട്ടിയില്‍ കുടപ്പന വസന്തം
1466725
Tuesday, November 5, 2024 7:26 AM IST
അടിമാലി: കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാലി-കുമളി ദേശീയപാത വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് നയനമനോഹര കാഴ്ചയാണ് പൂവിട്ട കുടപ്പനകള്‍.
അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍കുട്ടി-പാംബ്ല റോഡിന് എതിര്‍വശത്ത് മുതിരപ്പുഴ ആറിന് തീരത്താണ് പനംകുട്ടി ഗ്രാമം. കൊന്നത്തടി പഞ്ചായത്തിന്റെ ഭാഗമായ ഇവിടം കുടപ്പനകള്‍ കൊണ്ട് ശ്രദ്ധ നേടിയതോടെയാണ് പനംകുട്ടി എന്ന പേര് ലഭിച്ചതെന്നാണ് വാമൊഴി. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കുടപ്പനകള്‍ പൂക്കുന്നത്. പൂവിടുന്നതോടെ പനയുടെ ആയുസ് അവസാനിക്കും.
കുടിയേറ്റ കാലത്ത് പുര മേയുന്നതിന് കൂടുതലായി ഉപയോഗിച്ചിരുന്നത് കുടപ്പനയുടെ ഓലകളാണ്. താളിയോല ഗ്രന്ഥങ്ങള്‍ക്കും ആശാന് കളരിയില്‍ കുരുന്നുകള്‍ക്ക് അക്ഷരം എഴുതി നല്‍കുന്നതിനും കുടപ്പനകളുടെ ഓലയാണ് ഉപയോഗിച്ചിരുന്നത്. ഒറ്റത്തടി വൃക്ഷമായ കുടപ്പനയുടെ ശാസ്ത്രീയനാമം കോറിഫ എന്നാണ്.