തീര്‍ഥാടകരുമായി പോയ വാഹനം വഴിയില്‍ കുടുങ്ങി
1466724
Tuesday, November 5, 2024 7:26 AM IST
വണ്ണപ്പുറം: തീര്‍ഥാടകരുമായി കോതമംഗലത്തുനിന്ന് അണക്കരയിലേക്ക് പോയ ടൂറിസ്റ്റ് ബസ് വഴിയില്‍ കുടുങ്ങി. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. വാഹനം വഴിയില്‍ കുടുങ്ങിയതോടെ രണ്ടു മണിക്കൂറോളം വണ്ണപ്പുറം-ചേലച്ചുവട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.
അണക്കരയിലെ ധ്യാനകേന്ദ്രത്തിലേക്കു തീര്‍ഥാടകരുമായി പോയ വാഹനമാണ് യാത്രാമധ്യേ വഴിയില്‍ കുടുങ്ങിയത്. വണ്ണപ്പുറംവഴി അണക്കരയ്ക്ക് പോകുന്നതിനിടെ കള്ളിപ്പാറയില്‍ ബാറ്ററി ഡൗണായതിനെത്തുടര്‍ന്ന് ബസ് റോഡില്‍ നിന്നുപോയി. വാഹനത്തിന്റെ ലൈറ്റുകളും പ്രവര്‍ത്തിച്ചില്ല. റോഡില്‍ തടസം ഉണ്ടായതോടെ ചില വാഹനങ്ങള്‍ പട്ടയക്കുടി വഴി തിരിഞ്ഞ് മുള്ളരിങ്ങാട്-കോട്ടപ്പാറ വഴിയാണ് വണ്ണപ്പുറത്ത് എത്തിയത്. എന്നാല്‍ കൂടുതല്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിയതോടെ രണ്ടു മണിക്കൂറിലേറെ സമയം വണ്ണപ്പുറം മുതല്‍ വെണ്മണി വരെയുള്ള റോഡില്‍ വാഹനഗതാഗതം പൂര്‍ണമായി നിലച്ചു.
വണ്ണപ്പുറം-ചേലച്ചുവട് റോഡിന് വീതിയില്ലാത്തതും ഗതാഗതതടസം ഉണ്ടായാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടാന്‍ സമാന്തര പാതയില്ലാത്തതും പ്രതിസന്ധിയാണ്. കരിമണ്ണൂര്‍-നെയ്യേരി-തൊമ്മന്‍കുത്ത്-നാരങ്കാനം-മുണ്ടന്മുടി റോഡും വെണ്മണി-ആനക്കുഴി-മുള്ളരിങ്ങാട്-കോട്ടപ്പാറ-വണ്ണപ്പുറം റോഡും നിര്‍മാണം പൂര്‍ത്തിയായാല്‍ വണ്ണപ്പുറം-ചേലച്ചുവട് റോഡില്‍ ഗതാഗതതടസമുണ്ടായാല് വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കഴിയും.