ദേവാലയത്തോടു ചേർന്നുള്ള പുരോഹിതജീവിതം മഹത്വമേറിയത്: മാർ പെരുന്തോട്ടം
1466416
Monday, November 4, 2024 4:12 AM IST
കുമളി: ദേവാലയത്തോട് ചേർന്നുള്ള പുരോഹിതരുടെ ജീവിതം മഹത്വമേറിയതാണെന്ന് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഒരു ജീവിതം ദേവാലയാങ്കണത്തിലും മദ്ബഹയിലും ചെലവഴിക്കുന്നത് ദൈവ ചൈതന്യമാണ്.
വെള്ളാരംകുന്നിൽ ഫാ. ഏബ്രഹാം പാലക്കുടിയുടെ പൗരോഹിത്യ ജൂബിലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്്ഘാടനം ചെയ്യുകയായിരുന്നു മാർ ജോസഫ് പെരുന്തോട്ടം. താത്കാലിക കൂടാരം കെട്ടുന്നതിനേപ്പറ്റി പോലും മോശയോട് ദൈവം നേരിട്ട് സംസാരിച്ചത് ദേവാലയത്തിന്റെ അതിപ്രാധാന്യം വിളിച്ചോതുന്നതാണെന്നും ഫാ. ഏബ്രഹാം പാലക്കുടി വെള്ളാരംകുന്നിൽ സ്വർഗതുല്യമായ അൾത്താരയും പള്ളിയുമാണ് തീർത്തതെന്നും മാർ പെരുന്തോട്ടം പറഞ്ഞു.
വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ആഘോഷങ്ങൾക്കും ഇതോടൊപ്പം തുടക്കം കുറിച്ചു. ഇന്നലെ രാവിലെ പള്ളിയങ്കണത്തിലെത്തിയ ജൂബിലേറിയൻ ഫാ. ഏബ്രഹാം പാലക്കുടിയെയും മെത്രാൻമാരെയും മുത്തുക്കുടകളുടെ അകന്പടിയോടെ പള്ളിയങ്കണത്തിലേക്ക് സ്വീകരിച്ചു.
ഫാ. ഏബ്രഹാം പാലക്കുടിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പള്ളി വികാരി ഫാ. അഗസ്റ്റിൻ പുതുപ്പറന്പിൽ സഹകാർമികനായി. വിശുദ്ധ കുർബാന മധ്യേ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ സന്ദേശം നൽകി. പ്ലാറ്റിനം ജൂബിലി ആഘോഷം തിരി കത്തിച്ച് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
ദൈവേഷ്ടം നിറവേറ്റുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് പുരോഹിത ധർമമെന്നും ദേവാലയം ഉയരുന്പോൾ ചേർന്നുള്ള പ്രദേശങ്ങൾ വികസിക്കുമെന്നും സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു.
ആടുകളുടെ മണമുള്ള ഇടയനാകണം പുരോഹിതരെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിന്തകൾ ഏറെ വിലപ്പെട്ടതാണെന്ന് കാഞ്ഞിരപ്പള്ളി രൂപത എമരിറ്റസ് ബിഷപ് മാർ മാത്യു അറയ്ക്കൽ പറഞ്ഞു. ഫാ. ഏബ്രഹാം പാലക്കുടിക്ക് ആശംസ നേർന്നുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ കത്ത് ചടങ്ങിൽ വായിച്ചു.
പള്ളി വികാരി ഫാ. അഗസ്റ്റിൻ പുതുപ്പറന്പിൽ, ഫാ. ജോസ് മാത്യു പറപ്പള്ളിൽ, സിബിച്ചൻ പറന്പകത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സെന്റ് മേരീസ് പള്ളി നിർമാണത്തിന് സഹകരണം നൽകിയ എസ്റ്റേറ്റ് ഉടമ ആർ. കണ്ണനും കുടുംബവും ഫാ. പാലക്കുടിയെ പൊന്നാട അണിയിച്ചു. പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ ലോഗോ തയാറാക്കിയ സാജു തെക്കേലിന് മാർ ജോസഫ് പെരുന്തോട്ടം ഉപഹാരം നല്കി.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വിപുലമായ പരിപാടികളും ധർമ പ്രവർത്തനങ്ങളുമാണ് ഉണ്ടാവുക. ഹൈറേഞ്ചിലെ ആദ്യകാല പള്ളികളിലൊന്നാണ് വെളളാരംകുന്ന് പള്ളി. രണ്ട് തവണ വികാരിയായിരുന്ന ഇടവകാംഗം ഫാ. ഏബ്രഹാം പാലക്കുടിയാണ് പുതിയ പള്ളി നിർമിച്ചത്. പള്ളിയോടനുബന്ധിച്ചുള്ള സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിച്ചതും നിർമാണങ്ങൾ നടത്തിയതും ഫാ. ഏബ്രഹാം പാലക്കുടിയാണ്.
കുമളി ഫെറോന പള്ളിയടക്കം ഹൈറേഞ്ചിലെ മിക്ക പള്ളികളിലും പാലക്കുടിയച്ചൻ സേവനം ചെയ്തിട്ടുണ്ട്.
ഇളംതലമുറയുടെ വിദേശ കുടിയേറ്റം ഉചിതമല്ല: മാർ ജോസ് പുളിക്കൽ
കുമളി: ഇളം തലമുറയുടെ വിദേശ കൂടിയേറ്റം അശ്രദ്ധവും സഭയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ളാറ്റിനം ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ പുളിക്കൽ.
ധാർമികതയ്ക്ക് നിരക്കാത്ത വ്യത്യസ്തമായ ജീവിതശൈലി രൂപപ്പെട്ടുവരുകയാണ്. മദ്യം, മയക്ക് മരുന്ന് എന്നിവ നാശത്തിന്റെ വശങ്ങളായി. പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു വശത്ത് മനുഷ്യനെ കെട്ടിവരിയുന്പോൾ മറുവശത്ത് ജനസംഖ്യാ ശോഷണം സഭ അഭിമുഖീകരിക്കുന്നു. വ്യാപകമായ വിദേശ കുടിയേറ്റം കുടുംബങ്ങളെ തന്നെ ഇല്ലാതാക്കുന്നുവെന്നും വിശ്വാസ ജീവിതത്തിന് ഉചിതമല്ലെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
സഭ കാലത്തിനൊപ്പം നടക്കണം: ഡോ. സിറിയക് തോമസ്
കുമളി: സഭ കാലത്തിനൊപ്പം നടക്കുകയും മാറുകയും വേണമെന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്. വെള്ളാരംകുന്നിൽ ഫാ. ഏബ്രഹാം പാലക്കുടിയുടെ പൗരോഹിത്യ ജൂബിലിയോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുനർവായനകളിൽ സമഗ്രമായ മാറ്റങ്ങളെപ്പറ്റി ചിന്തിക്കണം.
മുൻഗണനാ വിഷയങ്ങളിൽ വിശ്വാസ കാര്യങ്ങളടക്കം വരണം. സഭയുടെ കെട്ടുറപ്പിനെ ഉറപ്പിക്കുന്ന ചിന്തകളാണ് ഉയരേണ്ടത്. കുടുംബ ജനസംഖ്യ, വിശ്വാസ കാര്യങ്ങളിൽ പ്രാധാന്യമുള്ളതാണ്. നമ്മുടെ മനോഭാവവും ശൈലിയും മാറണമെന്നും ഫ്രാൻസിസ് മാർപാപ്പ വേൾഡ് ലീഡറാണെന്നും സിറിയക് തോമസ് കൂട്ടിച്ചേർത്തു.