അങ്കമാലി-എരുമേലി ശബരിപാത: നിർമാണത്തിന് പുതിയ പദ്ധതി
1466409
Monday, November 4, 2024 4:12 AM IST
തൊടുപുഴ: അങ്കമാലി-എരുമേലി ശബരിപാത യാഥാർഥ്യമാക്കുന്നതിനു പുതിയ പദ്ധതി നിർദേശവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മഹാരാഷ്ട്ര മോഡലിൽ പദ്ധതി യാഥാർഥ്യമാക്കാമെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. ഇതിനായി കേരളസർക്കാരും റെയിൽവേയും റിസർവ് ബാങ്കും ചേർന്ന് പുതിയ പദ്ധതിയുടെ കരട് ഉടൻ തയാറാക്കും.
സംസ്ഥാനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ ബജറ്റിൽ ഒന്നര ലക്ഷം കോടിയാണ് ഇത്തവണ നീക്കിവച്ചിട്ടുള്ളത്. ഇതിന്റെ വിഹിതം കേരളത്തിനും ലഭ്യമാകും. 50 വർഷത്തേക്ക് പലിശരഹിത വായ്പയാണ് ലഭിക്കുന്നത്. ഈ പണം ശബരി പാതയുടെ നിർമാണത്തിനായി മാറ്റിവയ്ക്കാൻ തീരുമാനിച്ചാൽ പദ്ധതി വേഗത്തിൽ നടപ്പാക്കാനാകും.
ലഭിക്കുന്ന തുക 50 വർഷം കഴിയുന്പോൾ തിരികെ അടപ്പിക്കാനുള്ള ചുമതല റിസർവ് ബാങ്കിനാണ്. ഇതനുസരിച്ചുള്ള പദ്ധതിയാണ് നിലവിൽ സജീവമായി പരിഗണിച്ചുവരുന്നത്. ഇതിനു പച്ചക്കൊടി കാണിച്ചാൽ കാൽനൂറ്റാണ്ടായി മുടങ്ങി കിടക്കുന്ന ശബരി പാതയ്ക്ക് ജീവൻവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
കേന്ദ്രമന്ത്രിയെ അഭിനന്ദിച്ചു
തൊടുപുഴ: ശബരിപാത യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ശബരി റെയിൽവേ ആക്ഷൻ കൗണ്സിലുകളുടെ സംസ്ഥാന ഫെഡറേഷൻ അഭിനന്ദിച്ചു. ഫെഡറേഷന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ശബരിപാതയുടെ നിർമാണത്തിന് മുൻഗണന നൽകണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് കേന്ദ്രസഹ മന്ത്രി ജോർജ് കുര്യൻ ആവശ്യപ്പെട്ടിരുന്നു.
പാതയുടെ നിർമാണ ചെലവ് പങ്കിടുന്നതിന് സംസ്ഥാന സർക്കാർ തയാറാകുകയും കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽക്കണ്ട് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചത്.
പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. ഭാരവാഹികളായ ഡിജോ കാപ്പൻ, ബാബു പോൾ എക്സ്എംഎൽഎ, ജിജോ പനച്ചിയാനി, എസ്. പദ്മകുമാർ, പി.എം. ഇസ്മായിൽ, എം.എസ്. കുമാർ, അഡ്വ. ഇ.എ. റഹിം, എം.എസ്. സമദ്, ടി.ആർ. സോമൻ, കെ.എം. ബാബു, ജോയി മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.