തൊ​ടു​പു​ഴ: ഒ​രി​ക്ക​ൽകൂ​ടി തൊ​ടു​പു​ഴ​യെ ഭ​യ​പ്പെ​ടു​ത്താ​ൻ ‘ര​ക്ത​ര​ക്ഷ​സ്’ വീ​ണ്ടും വ​രു​ന്നു. ക​ലാ​നി​ല​യ​ത്തി​ന്‍റെ ര​ക്ത​ര​ക്ഷ​സ് നാ​ട​ക​ത്തി​ന്‍റെ ആ​ദ്യ ചാ​പ്റ്റ​റാ​ണ് തൊ​ടു​പു​ഴ​യി​ലെ​ത്തു​ന്ന​ത്. ഏ​രീ​സ് ക​ലാ​നി​ല​യം അ​വ​ത​രി​പ്പി​ക്കു​ന്ന ര​ക്ത​ര​ക്ഷ​സ് ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് തൊ​ടു​പു​ഴ​യി​ലെ കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ക്കാ​ൻ എ​ത്തു​ന്ന​ത്.

കോ​ലാ​നി - വെ​ങ്ങ​ല്ലൂ​ർ ബൈ​പാ​സ് റോ​ഡി​ലു​ള്ള പു​ളി​മൂ​ട്ടി​ൽ ഗ്രൗ​ണ്ടി​ൽ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ​ബീ​നാ ബി​ഞ്ചു സ്റ്റേ​ജി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം നി​ർ​വ​ഹി​ച്ചു. ന​വം​ബ​ർ ര​ണ്ടാം വാ​ര​ം ര​ക്ത​ര​ക്ഷ​സി​ന്‍റെ ആ​ദ്യ​ഭാ​ഗം തൊ​ടു​പു​ഴ​യി​ൽ അ​വ​ത​രി​പ്പി​ക്കും.

എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വാ​ദ്യ​ക​ര​മാ​യ രീ​തി​യി​ലാ​ണ് ര​ക്ത​ര​ക്ഷ​സ് ചാ​പ്റ്റ​ർ -1 നാ​ട​കം സം​വി​ധാ​യ​ക​ൻ അ​ന​ന്തപ​ത്മ​നാ​ഭ​ൻ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മികവുറ്റ ക​ലാ, സാ​ങ്കേ​തി​കതയോടെയും സ്റ്റേ​ജ് സം​വി​ധാ​ന​ത്തോ​ടെ​യും ശ​ബ്ദ​ക്ര​മീ​ക​ര​ണ​ത്തോടെയുമാ​ണ് ഏ​രീ​സ് ക​ലാ​നി​ല​യം ഇ​പ്പോ​ൾ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു വ​രു​ന്ന​ത്.

ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ക​വി​താ​വേ​ണു, ആ​ർ.​ ഹ​രി, ഏ​രീ​സ് ക​ലാ​നി​ല​യം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം വി​യാ​ൻ മം​ഗ​ല​ശേ​രി, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗോ​പ​കു​മാ​ർ, കെ.​എ​സ്.​അ​ജി, ജേ​ക്ക​ബ് സാ​ജ് പു​ളി​മൂ​ട്ടി​ൽ, ജോ​സ​ഫ് സാ​ജ് പു​ളി​മൂ​ട്ടി​ൽ, ജ​യ​കു​മാ​ർ തൊ​ടു​പു​ഴ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.