നെടുംകുന്നത്ത് രണ്ട് സ്കൂളുകൾ പുതിയ കെട്ടിടത്തിലേക്ക്
1564112
Sunday, June 1, 2025 7:21 AM IST
പുതിയ അധ്യയനവർഷത്തിൽ പുതിയ ക്ലാസ് മുറികൾ
കോട്ടയം: പുതിയ അധ്യായനവർഷത്തിൽ നെടുംകുന്നത്തെ രണ്ട് സ്കൂളുകളിലെ കുട്ടികൾ പുതിയ ക്ലാസ് മുറികളിൽ പഠിച്ചുതുടങ്ങും. നെടുംകുന്നം നോർത്ത് ഗവ. യുപി സ്കൂളിലെയും ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും പുതിയ കെട്ടിടങ്ങളാണ് പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ സജ്ജമായിട്ടുള്ളത്. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 3.52 കോടി ഉപയോഗിച്ചാണ് നെടുംകുന്നം ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ നിർമാണം ഇരുനിലകളിൽ പൂർത്തിയാക്കിയത്.
കെട്ടിടത്തിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ചടങ്ങിൽ നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ജോ ജോസഫ്, വീണ ബി. നായർ, മേഴ്സി റെൻ, കെ.എൻ. ശശീന്ദ്രൻ, സ്കൂൾ പ്രഥമാധ്യാപിക കെ.ജി. ബിന്ദുമോൾ, കെ.ജെ. പ്രസാദ്, സ്വപ്ന എന്നിവർ പങ്കെടുത്തു.